ന്യൂദല്‍ഹി: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, ഇ.ഡി എന്നിവയെ മുന്‍നിര്‍ത്തി സര്‍ക്കാരുകളെ താഴെയിറക്കുന്നത് രാജ്യത്തിന് നല്ലതാണോ എന്നതില്‍ ആര്‍.എസ്.എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്‌രിവാൾ പറഞ്ഞു.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച ജനതാ കീ അദാലത്ത് പരിപാടിയില്‍ സംസാരിക്കവേയായിരുന്നു കെജ്‌രിവാളിന്റെ ചോദ്യങ്ങള്‍.
താന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മോഹന്‍ ഭഗവത് ഉത്തരം നല്‍കണമെന്ന് പറഞ്ഞതുകൊണ്ടാണ് കെജ്‌രിവാൾ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ബി.ജെ.പിയിലെ പ്രായപരിധിയില്‍ ആര്‍.എസ്.എസിനുള്ള നിലപാട് എന്താണെന്നും കെജ്‌രിവാൾ ചോദിച്ചു.
75 വയസ് മാനദണ്ഡമായി വെച്ച് അദ്വാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ ബി.ജെ.പി ഒഴിവാക്കിയിരുന്നു. എന്നാല്‍ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹന്‍ ഭഗവതിന് എന്താണ് പറയാനുള്ളതെന്നായിരുന്നു കെജ്‌രിവാളിന്റെ ചോദ്യം.
ജനാധിപത്യം തകര്‍ക്കാനുള്ള നീക്കത്തിന് ആര്‍.എസ്.എസ് കൂട്ടുനില്‍ക്കുകയാണോ എന്ന് ചോദിച്ച കെജ്‌രിവാള്‍, ഇക്കാര്യത്തില്‍ മോഹന്‍ ഭഗവത് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
അഴിമതിക്കാരായ നേതാക്കളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നയത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോയെന്നും കെജ്‌രിവാള്‍ ഭഗവതിനോട് ചോദിച്ചു.
‘ആര്‍.എസ്.എസിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് ബി.ജെ.പി പിറന്നത്. ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ എപ്പോഴെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താങ്കള്‍ ഉപദേശം നല്‍കിയിട്ടുണ്ടോ,’ എന്നും കെജ്‌രിവാള്‍ മോഹന്‍ ഭഗവതിനോട് ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍.എസ്.എസിന്റെ ആവശ്യം ഇനി തങ്ങള്‍ക്കില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞപ്പോള്‍ എന്ത് തോന്നിയെന്നും കെജ്‌രിവാള്‍ ചോദിക്കുകയുണ്ടായി.
രാജിവെച്ചതിന് ശേഷം ദല്‍ഹിയില്‍ നടന്ന ആദ്യ പൊതുപരിപാടിയിലാണ് കെജ്‌രിവാള്‍ ആര്‍.എസ്.എസിനെ ലക്ഷ്യമിട്ട് ചോദ്യങ്ങളുയര്‍ത്തിയത്. ഇതേ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കെജ്‌രിവാള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. തന്നെ അഴിമതിക്കാരനാക്കാന്‍ പ്രധാനമന്ത്രി ശ്രമങ്ങള്‍ നടത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പ്രധാനമന്ത്രി തങ്ങള്‍ക്കതിരെ ഗൂഢാലോചന നടത്തിയെന്നും മനീഷ് സിസോദിയെയും തന്നെയും അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചുവെന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കുക എന്നതായിരുന്നു മോദിയുടെ ഉദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Kejriwal with questions to Mohan Bhagwat