തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ബദല്‍ മുന്നണി സാധ്യത തേടി കെജ്‌രിവാള്‍ കൊച്ചിയില്‍
Kerala News
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ബദല്‍ മുന്നണി സാധ്യത തേടി കെജ്‌രിവാള്‍ കൊച്ചിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th May 2022, 8:44 am

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബദല്‍ രാഷ്ട്രീയ സാധ്യതകള്‍ തേടി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തി. തൃക്കാക്കരയില്‍ ആം ആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

കിഴക്കമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും, ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ചേര്‍ന്നായിരിക്കും പ്രഖ്യാപനം നടത്തുക.

തൃക്കാക്കരയില്‍ ഏതെങ്കിലും മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യതകള്‍ കുറവാണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സാബു ജേക്കബും കെജ്‌രിവാളും ചര്‍ച്ച നടത്തിയിരുന്നു. നേതാക്കളുമായി ഇന്ന് രാവിലെയായിരിക്കും ചര്‍ച്ച നടത്തുക.

യു.ഡി.എഫിന് പിന്തുണ നല്‍കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പങ്കുവെച്ചിരുന്നു.

ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ചെടുത്ത ശേഷമാണ് ബദല്‍ സംവിധാനങ്ങള്‍ തേടിയുള്ള കെജ്‌രിവാളിന്റെ നീക്കം.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അടിത്തറ ശക്തമാക്കിയ ശേഷം തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് ഇറങ്ങിയാല്‍ മതിയെന്ന എ.എ.പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം.

ആം ആദ്മി ട്വന്റി ട്വന്റി സഖ്യം നിലവില്‍ തൃക്കാക്കരയില്‍ മാത്രമാണുള്ളത്. ഉപതെരഞ്ഞെടുപ്പ് സമാപിച്ച ശേഷം സഖ്യം തുടരേുമോ എന്നതില്‍ ഇരു പാര്‍ട്ടികളും നിലപാട് വ്യക്തമാക്കിയിട്ടില്ല.

മെയ് 31നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. പി.ടി തോമസിന്റെ ഭാര്യയായ ഉമാ തോമസാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനായ ജോ ജോസഫ് ഇടതുമുന്നണിയ്ക്കായി കളത്തിലിറങ്ങും. ബി.ജെ.പി
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

Content Highlight: Kejriwal in Kochi looking for possibility on Alternative Front