national news
കെജ്‌രിവാളും ഇമ്രാന്‍ ഖാനുമാണ് പ്രചോദനം, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല, പാര്‍ലമെന്റിലേക്ക് മത്സരിക്കും: ഐ.എ.എസ് പദവിയൊഴിഞ്ഞ കശ്മീരി യുവാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 11, 04:21 pm
Friday, 11th January 2019, 9:51 pm

ശ്രീനഗര്‍: രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കണ്ട് രണ്ട് വര്‍ഷം മുമ്പ് തന്നെ ഐ.എ.എസ് ഉദ്യോഗം രാജിവെക്കണമെന്ന് തീരുമാനമെടുത്തിരുന്നതായി ഷാ ഫൈസല്‍. കുടുംബത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്രയും സമയമെടുത്തതെന്നും ഷാ ഫൈസല്‍ പറയുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിവില്‍ സര്‍വീസ് ജീവിതം അവസാനിപ്പിച്ചത് സംബന്ധിച്ച് ഷാ ഫൈസല്‍ മനസ് തുറന്നത്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് തന്റെ പ്രചോദനമെന്ന് ഷാ ഫൈസല്‍ പറയുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നുവെച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷാ പറയുന്നു.

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. യുവാക്കളാണ് ശക്തി. ഇതിന് ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ഫൈസല്‍ പറഞ്ഞു.

സിവില്‍ സര്‍വീസില്‍ നിരാശനായിരുന്നില്ലെന്നും ജോലിയില്‍ തനിക്ക് പൂര്‍ണ്ണ അവസരങ്ങളുണ്ടായിരുന്നുവെന്നും ഫൈസല്‍ പറഞ്ഞു.