ചന്ദ്രശേഖരറാവു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ബി.ജെ.പി. അധ്യക്ഷന്‍
national news
ചന്ദ്രശേഖരറാവു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ബി.ജെ.പി. അധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th July 2021, 10:58 am

നിസാമാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു കെ.സി.ആറിന്റെ നീക്കമെന്ന് കരീംനഗര്‍ എം.പി. കൂടിയായ സഞ്ജയ് കുമാര്‍ പറഞ്ഞു. അമിത് ഷായെ ദല്‍ഹിയിലെത്തി കെ.സി.ആര്‍. കണ്ടത് ഇതിനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലിലെ മേയര്‍ സ്ഥാനം ബി.ജെ.പിയ്ക്ക് ടി.ആര്‍.എസ്. വാഗ്ദാനം ചെയ്‌തെന്നും സഞ്ജയ് പറഞ്ഞു. ഉടന്‍ എന്‍.ഡി.എയില്‍ ചേരുമെന്ന് കെ.സി.ആര്‍. മന്ത്രിമാരോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

സഖ്യം സാധ്യമായാല്‍ കേന്ദ്ര കൃഷിമന്ത്രി സ്ഥാനം കെ.സി.ആര്‍. നോട്ടമിട്ടിരുന്നുവെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു.

അതേസമയം ടി.ആര്‍.എസ്. അഴിമതിപ്പാര്‍ട്ടിയാണെന്നും അവരുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിലുള്ള ടി.ആര്‍.എസിനെ തങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ 56 സീറ്റിലാണ് ടി.ആര്‍.എസ്. വിജയിച്ചത്. ബി.ജെ.പി. 48 സീറ്റില്‍ ജയിച്ചപ്പോള്‍ എ.ഐ.എം.ഐ.എം. 44 സീറ്റില്‍ ജയിച്ചു.