സഞ്ജു ചാമ്പ്യന്‍സ് ട്രോഫി കളിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നില്ലേ? തീരുമാനമെടുക്കാതെ കെ.സി.എ
Sports News
സഞ്ജു ചാമ്പ്യന്‍സ് ട്രോഫി കളിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നില്ലേ? തീരുമാനമെടുക്കാതെ കെ.സി.എ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th December 2024, 4:14 pm

 

 

സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താതെയാണ് കേരളം വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചത്. സഞ്ജുവിന് പുറമെ സച്ചിന്‍ ബേബിക്കും വിഷ്ണു വിനോദിനും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല. സല്‍മാന്‍ നിസാറാണ് ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുന്നത്.

ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിന്റെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങള്‍ക്കും തിരശ്ശീല വീഴും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് കളിക്കുക എന്നതിനാല്‍ തന്നെ വിജയ് ഹസാരെയില്‍ സഞ്ജുവിന്റെ സാന്നിധ്യമുണ്ടാകേണ്ടത് അനിവാര്യവുമായിരുന്നു.

 

ടൂര്‍ണമെന്റിന് മുന്നോടിയായി വയനാട്ടില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുക്കാത്തതിനാലാണ് സഞ്ജുവിനെ സ്‌ക്വാഡിന്റെ ഭാഗമാക്കാതിരുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കിയിരുന്നു.

ക്യാമ്പില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് സഞ്ജു ഇ-മെയില്‍ അയച്ചിരുന്നു. സ്വാഭാവികമായും, സെഷനുകളുടെ ഭാഗമായവരെ മാത്രമേ ഞങ്ങള്‍ സ്‌ക്വാഡിനായി പരിഗണിച്ചിട്ടുള്ളൂ. ഈ വിഷയത്തില്‍ അദ്ദേഹവുമായി കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല,” എന്നാണ് സഞ്ജുവിനെ സ്‌ക്വാഡിന്റെ ഭാഗമാക്കാതതില്‍ കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞത്.

എന്നാലിപ്പോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ താന്‍ തയ്യാറാണെന്ന് സഞ്ജു അറിയിച്ചിരിക്കുകയാണ്.

എന്നാല്‍ ‘രണ്ട് ദിവസം മുമ്പാണ് താന്‍ തയ്യാറാണെന്ന് സഞ്ജു അറിയിച്ചത്. അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഞങ്ങള്‍ ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല. ഹൈദരാബാദില്‍ ഇതിനകം ഒരു മുഴുവന്‍ സംഘമുണ്ട്, രണ്ട് മത്സരങ്ങള്‍ മാത്രമേ അവര്‍ കളിച്ചിട്ടുള്ളൂ,’ എന്നാണ് കെ.സി.എ വ്യക്തമാക്കുന്നത്.

ഇനി ഹൈദരാബാദില്‍ ശേഷിക്കുന്ന നാല് മത്സരങ്ങള്‍ കളിക്കാന്‍ താന്‍ തയാറെന്ന് സഞ്ജു പറയുമ്പോഴും കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന്റെ കാര്യത്തില്‍ എന്ത് തീരുമാനം ആണ് എടുക്കുന്നത് എന്നുള്ളത് കണ്ടറിയണം.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സ്‌ക്വാഡില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാത്തിനെ കുറിച്ചും അത് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

‘നമുക്ക് സഞ്ജു സാംസണെ കുറിച്ച് സംസാരിക്കാം, കാരണം അവന്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം നേടിയിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും.

അവന്‍ വയനാട്ടിലേക്ക് പോയില്ല, ക്യാമ്പില്‍ പങ്കെടുത്തില്ല. ഇതുകൊണ്ട് കേരളം സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കിയില്ല. എന്നാല്‍ താരത്തിന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നും ഇക്കാര്യം സഞ്ജു ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നതായും ചില ഫാന്‍ പേജുകളും ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും അവനെ സെലക്ട് ചെയ്തിട്ടില്ല. വിജയ് ഹസാരെയില്‍ കളിക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു. നിങ്ങള്‍ ടി-20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുമ്പോള്‍ ഏകദിനവും നിങ്ങളുടെ മനസിലുണ്ടാകണം. റിഷബ് പന്ത് ഇനിയും ആ ഫോര്‍മാറ്റില്‍ സ്വയം തെളിയിച്ചിട്ടില്ല എന്നതിനാല്‍ എന്തുകൊണ്ട് ഏകദിനത്തിലും അത് ആയിക്കൂടാ?

എന്നാല്‍ അതിന് അവന്‍ വിജയ് ഹസാരെ ട്രോഫി കളിക്കണം. എപ്രകാരമാണ് സഞ്ജു ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഇടം നേടുക? നിങ്ങള്‍ ഈ ചിന്തകളില്‍ പോലുമില്ല,’ ചോപ്ര പറഞ്ഞു.

 

Content highlight: KCA did not take a decision on Sanju in the Vijay Hazare Trophy