Advertisement
national news
യെദിയൂരപ്പയെ മാറ്റേണ്ടിവന്നത് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം കാരണം: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 26, 07:20 am
Monday, 26th July 2021, 12:50 pm

തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്നാണ് കെ.സി. വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

മുഖ്യമന്ത്രി മാറുന്നതു കൊണ്ട് കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു മുഖ്യമന്ത്രി മാറുന്നതുകൊണ്ട് കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ മാറാന്‍ പോകുന്നില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടുകളടക്കം കര്‍ണാടക കഴിഞ്ഞ കുറെ നാളുകളായി ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളുണ്ട്. ഇതൊക്കെ പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന് ഇദ്ദേഹത്തെ വെച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നതാണ്.

കര്‍ണാടക സര്‍ക്കാരിനകത്തുള്ള പ്രശ്‌നങ്ങള്‍ ഇനിയും പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളു. കോണ്‍ഗ്രസ് കര്‍ണാടകയില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

അടിത്തട്ടുമുതല്‍ മുകളിലോട്ട് ബി.ജെ.പി. സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് പോസിറ്റീവ് ആയിട്ടുള്ള ക്യാമ്പയിന്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദം കൊണ്ട് തന്നെയാണ് കര്‍ണാടകയില്‍ യെദിയൂരപ്പയെ മാറ്റി മുന്നോട്ട് പോകാന്‍ ബി.ജെ.പി. ശ്രമിക്കുന്നത്. പക്ഷെ തൊലിപ്പുറത്തെ ചികിത്സകൊണ്ട് കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ പരിഹകരിക്കാം എന്നാണ് കരുതുന്നതെങ്കില്‍ അത് വെറുതെയാണ്,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കുതിരക്കച്ചവടം നടത്തിയാണ് ഇപ്പോഴത്തെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു ധാര്‍മികതയില്ലാത്ത ഒരു സര്‍ക്കാരാണ് അവിടെ ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് യെദിയൂരപ്പ ഗവര്‍ണറെ കാണും.

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

2019 ജൂലൈയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടരുകയാണ്. എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍ യത്നാല്‍, ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍, എം.എല്‍.സി. എ.എച്ച്. വിശ്വനാഥ് എന്നിവര്‍ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ ലിംഗായത്ത് സമൂഹം യെദിയൂരപ്പയ്ക്ക് ഒപ്പമാണ്. യെദിയൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു.

യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്.

കര്‍ണാടക മന്ത്രിസഭയില്‍ വലിയ അഴിച്ചുപണികള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KC Venugopal response after resignation declaration by Yediyurappa