തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണങ്ങളുമായി കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. മന്ത്രിയുടെ അഴിമതി വിവരങ്ങള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ലോകായുക്ത കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞിനെതിരെ വ്യക്തമായ, ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ മനസിലാവുന്ന തെളിവുകളാണ് താന്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. കോടതിക്ക് തെളിവുകള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യം അന്വേഷിക്കുമെന്ന് കോടതി തനിക്ക് ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. തെളിവുകളെല്ലാം സത്യവാങ്മൂലമായി ഏപ്രില്‍ 16നു മുമ്പ് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
1983 കോമിന്‍കോ ബിനാമി പ്രിന്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ തോട്ടക്കാരനായിരുന്നു മന്ത്രി. മന്ത്രിയ്‌ക്കോ മന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കോ പ്രത്യേകിച്ച് തൊഴിലൊന്നുമില്ല. രാഷ്ട്രീയമല്ലാതെ, പൊതുപ്രവര്‍ത്തനമല്ലാതെ മന്ത്രി മറ്റൊരു തൊഴില്‍ മന്ത്രിക്കില്ല. അങ്ങനെയുള്ള മന്ത്രിയും കുടുംബവും കോടിക്കണക്കിന് രൂപയാണ് സമ്പാദിച്ചിട്ടുള്ളതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
വി.കെ ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ പോരാടുന്നതില്‍ ഭയമില്ല. ഏത് പ്രതിസന്ധിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ നല്‍കുന്ന തെളിവുകള്‍ക്ക് തന്റെ മാനത്തിന്റേയും ജീവിതത്തിന്റേയും വിലയാണുള്ളതെന്ന് പറഞ്ഞ ഗണേശ്, കോടതി മുറിയില്‍ വികാരധീനനായി. വയനാട്ടിലെ ഒരു റോഡിന്റെ നിര്‍മാണത്തിന് കണ്‍സ്ട്രക്ഷന്‍ കന്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ട്. മീറ്ററിന് 2297 രൂപയ്ക്കുള്ള കരാര്‍ നല്‍കിയത് 6060 രൂപയ്ക്കാണ്. ഇതിലൂടെ 10 കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഗണേശ് പറഞ്ഞു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ നജിമുദ്ദീന്‍, റാഫ,അബ്ദുല്‍ റഹീം എന്നിവര്‍ക്കെതിരെ ആദായ നികുതി നിയമപ്രകാരം അന്വേഷണം നടത്തണമെന്നും ഗണേശ് കോടതിയില്‍ ആവശ്യപ്പെട്ടു.