ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദിനും മറ്റുള്ളവര്‍ക്കും വേണ്ടി ഉയരുന്നത് ദല്‍ഹി പൊലീസിന്റെ കള്ളത്തരത്തിന് സാക്ഷിയായ ഇന്ത്യന്‍ ജനതയുടെ ശബ്ദമാണെന്ന് സി.പി.ഐ.എം.എല്‍ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍.
ഉമറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവരുന്ന ശബ്ദം ഒരു ഐ.ടി സെല്ലിന്റേതും അല്ലെന്നും അവര്‍ പറഞ്ഞു.
മോദിയുടേയും ബി.ജെ.പി.യുടേയും ഐ.ടി സെല്ലിനല്ലാതെ മാറ്റാര്‍ക്കാണ് സോഷ്യല്‍ മീഡിയ സ്വാധീനംവെച്ച് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ പറ്റുകയെന്നും കവിതാ കൃഷ്ണന്‍ ചോദിച്ചു.
ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഉമര്‍ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ദല്‍ഹി പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
ദല്‍ഹി പൊലീസ് ഉമറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ ബി.ജെ.പി അനുകൂലരായ ഒരു വിഭാഗം
#UmarKhalidIsATerrorist, #UmarKhalidTerrorist,എന്നീ ഹാഷ്ടാഗുകളോടെ ട്വിറ്റില്‍ ട്വീറ്റുകളുമായി എത്തിയിരുന്നു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.