ശരദ് പവാര്‍ വിശ്വസിച്ചപ്പോഴും അജിത് പവാര്‍ ബി.ജെ.പി ക്യാമ്പിലെത്തുമെന്നു വിളിച്ചുപറഞ്ഞു ഞെട്ടിച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു; കട്ടാ ന്യൂസിനു പിന്നിലാര്?
Maharashtra
ശരദ് പവാര്‍ വിശ്വസിച്ചപ്പോഴും അജിത് പവാര്‍ ബി.ജെ.പി ക്യാമ്പിലെത്തുമെന്നു വിളിച്ചുപറഞ്ഞു ഞെട്ടിച്ച ട്വീറ്റ് ചര്‍ച്ചയാകുന്നു; കട്ടാ ന്യൂസിനു പിന്നിലാര്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 9:07 am

മുംബൈ: മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങള്‍ കൃത്യമായി പ്രവചിച്ചുകൊണ്ട് ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന കട്ടാന്യൂസിനെക്കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച.
എന്താണ് കട്ടാ ന്യൂസ്? ആരാണ് കട്ടാ ന്യൂസിനു പിന്നില്‍?

നവംബര്‍ 18 നാണ് @katta_news എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയത്.
രണ്ട് ദിവസത്തിന് ശേഷം, അജിത് പവാര്‍ എന്‍.സി.പി യെ പിളര്‍ത്തി ബി.ജെ.പി.യുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത നല്‍കി.

വാര്‍ത്ത നല്‍കി മൂന്നാംനാള്‍ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ചുള്ള പോര്‍ട്ടലിന്റെ റിപ്പോര്‍ട്ടിംഗിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖരും പത്രപ്രവര്‍ത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

നവംബര്‍ 24 ന് കട്ട ന്യൂസ് മറ്റൊരു വാര്‍ത്ത നല്‍കി – ‘70,000 കോടി രൂപയുടെ ജലസേചന കുംഭകോണക്കേസില്‍ ഉള്‍പ്പെട്ട അജിത് പവാറിന് അഴിമതി വിരുദ്ധ ബ്യൂറോ ക്ലീന്‍ ചിറ്റ് നല്‍കുന്നു.” എന്ന വാര്‍ത്ത. നിമിഷങ്ങള്‍ക്കകം മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. അവസാനിപ്പിച്ച കേസുകള്‍ ഉപാധികളോടെയാണെന്നും അവ വീണ്ടും തുറക്കാമെന്നും എ.എന്‍.ഐ. ട്വീറ്റ് ചെയ്തു.

മുംബൈ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍ സുധീര്‍ സൂര്യവംഷിയാണ് പുതുതായി രൂപീകരിച്ച പ്ലാറ്റ്ഫോമിന് പിന്നില്‍. സാമ്പത്തിക പ്രതിസന്ധിമൂലം ഡി.എന്‍.എയുടെ പ്രിന്റ് പതിപ്പ് നിര്‍ത്തുംവരെ ഡി.എന്‍.എയിലായിരുന്നു സുധീര്‍.

”ഡി.എന്‍.എ അടച്ചതിനുശേഷമാണ് ഇത്തരത്തില്‍ ഒരു ആശയം എന്റെ മനസ്സില്‍ ഉണ്ടായത്. അച്ചടിക്ക് ഭാവിയില്ല. ഈ മേഖല സാവധാനത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടുതന്നെ ഒരു മാധ്യമമായി അച്ചടിയില്‍ തുടരുന്നതിനുപകരം, എന്തുകൊണ്ടാണ് പകരം ഒരു പോര്‍ട്ടലോ വെബ്സൈറ്റോ തുടങ്ങിക്കൂടെ എന്ന ചിന്ത വന്നത് ” അദ്ദേഹം ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു.

‘കട്ട’ എന്ന മറാത്തി പദത്തിന്റെ അര്‍ത്ഥം വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ ഒഴിവു വേളകളില്‍ ലോകത്തും രാജ്യത്തും തങ്ങളുടെ ഗ്രാമത്തിലുമൊക്കെ നിന്നുള്ള വാര്‍ത്തകള്‍ ചര്‍ച്ചചെയ്യാന്‍ പൊതു സ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുക എന്നാണ്.

അടിസ്ഥാനപരമായി കട്ട എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ഒരിടത്ത് വിവരങ്ങള്‍ സൃഷ്ടിക്കുക എന്നാണ്. അതുകൊണ്ട് പോര്‍ട്ടലിന് നല്‍കാനുള്ള ഏറ്റവും നല്ല പേരാണ് ‘കട്ട’ എന്ന് ഞാന്‍ കരുതി” അദ്ദേഹം പറഞ്ഞു.
15 വര്‍ഷക്കാലം കാര്‍ഷികം, പാര്‍പ്പിടം, റിയല്‍ എസ്റ്റേറ്റ് എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ടുചെയ്ത് ഔദ്യോഗിക ജീവിതം നയിക്കുന്ന മാധ്യമപ്രവര്‍ത്തകനായ സൂര്യവംഷിയുടെ പ്രധാനമേഖല രാഷ്ട്രീയമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയിലെ ശിവസേന-ബിജെപി പിളര്‍പ്പിനെക്കുറിച്ച് സൂര്യവംഷി,അടുത്തിടെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഒരു അഭിപ്രായം എഴുതിയിരുന്നു. ഡി.എന്‍.എയുടെയും മുംബൈ മിററിന്റെയും മാതൃ സംഘടനയായ സീ ന്യൂസിനു വേണ്ടിയും അദ്ദേഹം എഴുതിയിട്ടുണ്ട്. മുംബൈ മിററില്‍ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നാണ് മുകേഷ് അംബാനി മുംബൈയിലെ വസതിയായ ആന്റിലിയയിലേക്ക് താമസം മാറിയതിനുശേഷം ആദ്യ മാസത്തില്‍ 70 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ഉണ്ടായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബ്രേക്കിംഗ് വാര്‍ത്തകള്‍ ഒരുപ്രശ്നമായിരുന്നില്ല. പ്ലാറ്റ്ഫോമിന്റെ അഭാവമായിരുന്നു പ്രശ്നം. ഞാന്‍ ആദ്യം കട്ടാ ന്യൂസ് ഒരു ബ്ലോഗായി ആരംഭിച്ചു. നല്ല പ്രതികരണമാണ് ലഭിച്ചത്.. എന്നിരുന്നാലും, ഞാന്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് ആരംഭിക്കണമെന്ന് പലരും ഉപദേശിച്ചു. ഒരു വെബ്സൈറ്റ് സജ്ജീകരിക്കുന്നതിന് സമയമെടുക്കുന്നതുകൊണ്ട് എന്റെ ഉറവിടങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും എനിക്ക് ലഭിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ”സൂര്യവംഷി, പറഞ്ഞു.

നവംബര്‍ 20 ന് അജിത് പവാര്‍ എന്‍.സി.പി.യില്‍ നിന്ന് പിരിയാന്‍ സാധ്യതയുണ്ടെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കട്ടാ ന്യൂസ് ആയിരുന്നു. ആ വാര്‍ത്ത ആരും വിശ്വസിച്ചിരുന്നില്ല. പല എന്‍.സി.പി നേതാക്കളും എന്നെ വിളിച്ച് ഇത് തെറ്റാണെന്ന് പറഞ്ഞു, പക്ഷേ ഞാന്‍ എന്റെ റിപ്പോര്‍ട്ടിംഗില്‍ ഉറച്ചുനിന്നു, അത് ശരിയാണെന്ന് തെളിഞ്ഞു. എന്റെ ഉറവിടങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു. ‘ അദ്ദേഹം വ്യക്തമാക്കി.

കട്ടാ ന്യൂസ് നിലവില്‍ ഒറ്റയാള്‍ പേരാട്ടമാണ്, എന്നാല്‍ ഇത് വിപുലീകരിക്കാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് സൂര്യവംശി. വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം, കാരണം ഇപ്പോള്‍ ആളുകള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച സംഭവങ്ങളുണ്ട്, ”അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ മാധ്യമമാണ് ഭാവി എന്ന് ഉറച്ച് വിശ്വസിക്കുന്ന സുധീര്‍ സൂര്യവംഷി, മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, കൃഷി, റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിടം, സാമൂഹിക-സാമ്പത്തിക വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.