[share]
[]ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ദേശീയ ഹരിത ട്രിബ്യൂണലിലാണ് പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.
അന്തിമവിജ്ഞാപനം വരുന്നത് വരെ ഉത്തരവ് നിലനില്‍ക്കുമെന്നാണ് മന്ത്രാലയം ദേശീയഹരിത ട്രിബ്യൂണലിനെ അറിയിച്ചിരിക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള നവംബര്‍ 13ലെ ഉത്തരവില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓഫീസ് മെമ്മോറാണ്ടത്തോടെ ഭേദഗതി ചെയ്യപ്പെട്ടതായുള്ള പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയുടെ നിലപാട് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചില്ല.
കേരളത്തിന് മാത്രം പ്രത്യേക ഇളവു നല്‍കുന്നതെന്തിനാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ മന്ത്രാലയത്തോട് ആരാഞ്ഞു. വിദഗ്ദ സമിതി തീരുമാനങ്ങള്‍ ഒഴിവാക്കാനാണോ ശ്രമം നടത്തുന്നതെന്നും ട്രിബ്യൂണല്‍ ചോദിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിനനുകൂലമായി കരട് വിജ്ഞാപനം ഇറക്കിയെന്നാരോപിച്ച് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പരാതി നിലനില്‍ക്കില്ലെന്ന് കേരളം വാദിച്ചപ്പോഴാണ് ട്രിബ്യൂണല്‍ ഇത്തരമൊരു ചോദ്യമുന്നയിച്ചത്.
അതേസമയം കരട് വിജ്ഞാപനത്തില്‍ ഇടപെടാനാകുമോയെന്ന് പരിശോധിക്കുമെന്ന് ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി.