ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ആദ്യ ഇര 17 കാരന്‍ ഉസൈബ് അല്‍ത്താഫ്; ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് പിതാവ്
Kashmir Turmoil
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ആദ്യ ഇര 17 കാരന്‍ ഉസൈബ് അല്‍ത്താഫ്; ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 11:51 am

 

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും ജമ്മുകശ്മീരിനെ വിഭജിക്കാനുമുള്ള മോദി സര്‍ക്കാറിന്റെ തീരുമാനത്തിനു പിന്നാലെ സി.ആര്‍.പി.എഫുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 17കാരന്‍ മുങ്ങിമരിച്ചു. ശ്രീനഗറിലെ പല്‍പോറ മേഖലയുള്ള ഉസൈബ് അല്‍ത്താഫാണ് മരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യ ഇരയാണ് ഉസൈബ് അല്‍ത്താഫെന്ന് ഹാഫിങ്ടണ്‍പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച 2019 ആഗസ്റ്റ് അഞ്ചിന് ഉച്ചയോടെയായിരുന്നു അല്‍ത്താഫ് മുങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ അല്‍ത്താഫും സംഘവും സി.ആര്‍.പി.എഫുകാരാല്‍ ഒതുക്കി നിര്‍ത്തപ്പെടുകയും തുടര്‍ന്ന് നദിയിലേക്ക് ചാടുകയും മരണപ്പെടുകയുമായിരുന്നെന്നാണ് അല്‍ത്താഫിന്റെ കുടുംബത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ പാലത്തിന്റെ എതിര്‍ഭാഗത്തുനിന്നും സി.ആര്‍.പി.എഫുകാര്‍ മുന്നോട്ടുവന്നതോടെ കുട്ടികളെല്ലാം ഒതുങ്ങി നില്‍ക്കേണ്ടിവന്നു. മറ്റുവഴിയില്ലാതെ വന്നപ്പോള്‍ ഇവര്‍ നദിയിലേക്ക് ചാടി. നദിയില്‍ നിന്നും മണല്‍വാരുന്ന തൊഴിലാളികള്‍ ഇടപെട്ടതിനാല്‍ മറ്റുകുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി. ഉസൈബിനെ രക്ഷിക്കാനായില്ല. അവന് നീന്താന്‍ അറിയില്ലായിരുന്നു. 20 മിനിറ്റോളം അവന്‍ വെള്ളത്തില്‍ തന്നെയായിരുന്നു.’ അല്‍ത്താഫിന്റെ അച്ഛന്‍ മുഹമ്മദ് മരാസി പറഞ്ഞു.

കുട്ടികളില്‍ രണ്ടുപേരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ത്താഫിന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവരികയും ചെയ്‌തെന്ന് മരാസി പറഞ്ഞു.

370 റദ്ദാക്കിയതിനെക്കുറിച്ച് തന്റെ മകന് ഒന്നും അറിയില്ലായിരുന്നെന്നും ആ സമയത്ത് പ്രദേശത്ത് യാതൊരു പ്രതിഷേധവും ഉണ്ടായിരുന്നില്ലെന്നും മരാസി പറയുന്നു.

‘ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അവന് ക്രിക്കറ്റ് കളിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് അവന് ഒന്നും അറിയില്ല. വീട്ടില്‍ റേഡിയോയോ ടെലിവിഷനോ ഇല്ലാത്തതിനാല്‍ കേന്ദ്ര തീരുമാനം സംബന്ധിച്ച് ആ സമയത്ത് ഞങ്ങള്‍ക്കും അറിവുണ്ടായിരുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയ്ക്കാണ് മകനെ അവസാനമായി കണ്ടതെന്നും അദ്ദേഹം പറയുന്നു. ‘ ഞായറാഴ്ച ഉച്ചയ്ക്ക് ഞാന്‍ ജോലിക്കു പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് തിരിച്ചുവന്നത്. തിങ്കളാഴ്ച ഉച്ചവരെ ഞാന്‍ ഉറങ്ങുകയായിരുന്നു. ഉസൈബ് രാവിലെ തന്നെ കളിക്കാനായി ഗ്രൗണ്ടിലേക്ക് പോയിരുന്നു.’ മരാസി പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നാണ് അവര്‍ പറയുന്നത്. ‘ആരാണ് ഞങ്ങള്‍ക്ക് നീതി നല്‍കുക? ഞങ്ങള്‍ അടിച്ചമര്‍ത്തലിലാണ്. അടിച്ചമര്‍ത്തലില്‍ ഒരു നീതിയുമില്ല.’ മരാസി വ്യക്തമാക്കി.