Advertisement
national news
റമദാന്‍ മാസത്തില്‍ ആപ്പിളുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നപേക്ഷിച്ച് കശ്മീര്‍ കര്‍ഷകര്‍: കാരണമിതാണ്,
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 27, 09:25 am
Monday, 27th April 2020, 2:55 pm

ശ്രീനഗര്‍: റമദാന്‍ മാസത്തില്‍ ആപ്പിളുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കശ്മീര്‍ ജനതയോട് ആവശ്യപ്പെട്ട് മേഖലയിലെ ആപ്പിള്‍ കര്‍ഷകര്‍. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം ആപ്പിളുകളുടെ കയറ്റുമതിയും വിപണനവും നടക്കാത്ത സാഹചര്യത്തില്‍ വരുന്ന നഷ്ടത്തിന്റെ തോത് കുറയ്ക്കാനാണ് കര്‍ഷകര്‍ ഇപ്രകാരം ആവശ്യപ്പെടുന്നത്.

കൊവിഡ്-19 കാരണമുണ്ടായ വില നഷ്ടവും ലോക്ഡൗണ്‍ കാരണം നഗരങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളും അധിക ചെലവുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.

വേനല്‍ക്കാല മാര്‍ക്കറ്റ് കണക്കിലെടുത്ത് കര്‍ഷകരും കച്ചവടക്കാരും സംഭരിച്ചു വെച്ച ആപ്പിളുകളാണ് നഷ്ടത്തിലായിരിക്കുന്നത്.

” 15 കിലോ ആപ്പിളുകളുടെ ഒരു ബോക്‌സ് തണുപ്പത്ത് സൂക്ഷിക്കാന്‍ 30 മുതല്‍ 32 രൂപ വരെയാണ് ഈടാക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ എത്ര ചെലവാക്കിയെന്ന് നിങ്ങള്‍ക്ക് കണക്കൂ കൂട്ടി നോക്കാം,” ആപ്പിള്‍ കര്‍ഷകനായ ഷബസ് ന്യൂസ് 18 നോട് പറയുന്നു.

‘ നാട്ടുകാര്‍ റമദാനില്‍ ഈ ആപ്പിളുകള്‍ വാങ്ങിയാല്‍ നഷ്ടം ചെറിയ രീതിയില്‍ ഞങ്ങള്‍ക്ക് ഒഴിവാക്കാം’

സമാന രീതിയില്‍ തന്‍ വീര്‍ ഉല്‍ ഹഖ് എന്ന ആപ്പില്‍ കച്ചവടക്കാരനും നാട്ടുകാര്‍ റമദാനില്‍ ആപ്പിളുകള്‍ വാങ്ങണമെന്നാവശ്യപ്പെട്ടു കൊണ്ട് ട്വിറ്ററില്‍ ഒരു കുറിപ്പും ഇട്ടിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ 20 ലക്ഷത്തിലേറെ ടണ്‍ ആപ്പിളുകളാണ് കശ്മീരില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചത്. ആപ്പിളുകള്‍ നല്ല വിലയ്ക്ക് വിറ്റു പോയ ഈ സമയത്ത് 1.3 ലക്ഷം ടണ്‍ ആപ്പിളുകള്‍ ഇവര്‍ വേന്‍ല്‍ക്കാലത്തെ മാര്‍ക്കറ്റ് കണക്കിലെടുത്ത് സംഭരിച്ചിരുന്നു. ഇവയാണ് ഇപ്പോള്‍ നഷ്ടത്തിലായിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.