Entertainment news
മഹാന്‍ മലയാളത്തില്‍ വന്നാല്‍ ഇവരെ ആയിരിക്കും കാസ്റ്റ് ചെയ്യുക, മലയാളം സിനിമ ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 21, 03:52 am
Sunday, 21st August 2022, 9:22 am

കേരളത്തില്‍ ഏറെ ആരാധകരുള്ള തമിഴ് സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. അദ്ദേഹത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങള്‍ ഒക്കെ തന്നെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുള്ളത്.

വിക്രമിനെയും ധ്രുവ് വിക്രമിനേയും പ്രധാന വേഷത്തില്‍ എത്തിച്ച് താന്‍ ഒടുവില്‍ സംവിധാനം ചെയ്ത മഹാന്‍ മലയാളത്തില്‍ എടുത്താല്‍ ആരെ കാസ്റ്റ് ചെയ്യും എന്ന ചോദ്യത്തിനിപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്ക് സുബ്ബരാജ്.

മലയാളത്തില്‍ തന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് നിര്‍മ്മിക്കുന്ന ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന ജിതിന്‍ ഐസക്ക് തോമസ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് മഹാന്‍ റീമേക്ക് മലയാളത്തില്‍ ഉണ്ടായാല്‍ ആരെ കാസ്റ്റ് ചെയ്യുമെന്ന് കാര്‍ത്തിക് പറഞ്ഞത്.

മഹാന്‍ സിനിമയുടെ മലയാള റീമേക്ക് ഉണ്ടെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായാല്‍ നന്നായിരിക്കും എന്നാണ് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞത്.

‘മഹാന്‍ സിനിമയുടെ മലയാള റീമേക്ക് ഉണ്ടെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായാല്‍ നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്,’ കാര്‍ത്തിക് പറയുന്നു.

മമ്മട്ടിയുടെയും മോഹന്‍ലാലിനേയും നായകനാക്കി പടം ചെയ്യാനുള്ള ആശയം ഉണ്ടോ എന്ന ചോദ്യത്തിന് അതൊരു ചെറിയ കാര്യമല്ല വലിയ സംഭവം തന്നെയാണെന്നും നിലവില്‍ അങ്ങനെ ഒരു സ്‌ക്രിപ്റ്റ് ഇല്ല എന്നുമാണ് കാര്‍ത്തിക് പറഞ്ഞത്. അങ്ങനെ സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.

നിരവധി മലയാളം സിനിമകള്‍ തനിക്ക് പ്രചോദനമായിട്ടുണ്ടെന്നും. തന്റെ സംവിധാനത്തിലും എഴുത്തിലും അത് പ്രതിഫലിച്ചിട്ടുണ്ടെന്നും കാര്‍ത്തിക് പറയുന്നുണ്ട്.

‘മലയാളം സിനിമകള്‍ക്ക് ഒരു ഭംഗിയുണ്ട്, അത് ഞങ്ങള്‍ എപ്പോഴും സംസാരിക്കാറുണ്ട്. അത്തരത്തില്‍ കുറച്ച് സിനിമകള്‍ ഞങ്ങള്‍ നിര്‍മിക്കണം എന്നു കരുതിയിരുന്നു.

അങ്ങനെ ഒരു ആശയം മനസില്‍ കിടക്കുമ്പോഴാണ് ‘അറ്റന്‍ഷന്‍ പ്ലീസ്’ എന്ന സിനിമ ഞങ്ങളുടെ സുഹൃത്ത് വഴി അറിയുന്നതും കാണാന്‍ ഇടയാകുന്നതും. സ്റ്റോണ്‍ ബെഞ്ച് ആരംഭിച്ചതിന് ശേഷം ഞങ്ങള്‍ ഒരു മലയാളം സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു. അറ്റന്‍ഷന്‍ പ്ലീസ് വന്നതോടെ മനസിലായി മലയാളത്തിലേക്ക് വരാനുള്ള സമയം ഇതാണ് എന്ന്’, കാര്‍ത്തിക് പറഞ്ഞു

Content Highlight: karthik subbaraj talks about malayalam cinema and Mahaan movie malayalam remake