അഭിനയിക്കണമെങ്കില്‍ വില്ലനെ മാറ്റണമെന്ന് ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് ഞാനും പറഞ്ഞു: കാര്‍ത്തിക് സുബ്ബരാജ്
Film News
അഭിനയിക്കണമെങ്കില്‍ വില്ലനെ മാറ്റണമെന്ന് ശിവകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു, അത് നടക്കില്ലെന്ന് ഞാനും പറഞ്ഞു: കാര്‍ത്തിക് സുബ്ബരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th November 2022, 11:37 pm

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ജിഗര്‍ത്തണ്ട. ബോബി സിന്‍ഹ, സിദ്ധാര്‍ത്ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം തമിഴ് സിനിമയിലെ മാറ്റത്തില്‍ പ്രധാന പങ്കു വഹിച്ച ചിത്രമായിരുന്നു.

ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ചെയ്ത കാര്‍ത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശിവകാര്‍ത്തികേയനെ സമീപിച്ചിരുന്നു എന്ന് പറയുകയാണ് കാര്‍ത്തിക് സുബ്ബരാജ്. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കാര്‍ത്തിക് എന്ന കഥാപാത്രം ചെയ്യാനായി ശിവകാര്‍ത്തികേയനെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കേഡി ബില്ല കില്ലാഡി രംഗ എന്ന ചിത്രം റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. വരുത്തപ്പെടാതെ വാലിബര്‍ സംഘം ഷൂട്ട് നടക്കുന്ന സമയത്താണ് ശിവകാര്‍ത്തികേയനോട് ഇതിനെ കുറിച്ച് സംസാരിച്ചത്.

കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ വില്ലന്റെ റോളിലേക്ക് വലിയൊരു ആക്ടറിനെ കൊണ്ടുവരണമെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. സത്യരാജിനെ പോലെ ഒരാള്‍ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബോബി നേരത്തെ തന്നെ ഫിക്‌സ് ആയിരുന്നു. ബോബിയാണ് വില്ലനെന്ന് പറഞ്ഞാണ് ശിവകാര്‍ത്തികേയനോട് കഥ പറഞ്ഞത്. വില്ലനായി വേറെ ആക്ടര്‍ വേണമെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞപ്പോള്‍ അത് ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് അത് നടക്കാതെ പോയത്,’ കാര്‍ത്തിക് പറഞ്ഞു.

അടുത്തിടെ മികച്ച അഭിപ്രായങ്ങള്‍ നേടിയ അമ്മു എന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസാണ് നിര്‍മിച്ചത്. ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തിയ അമ്മു ചാരുകേഷ് ശേഖറാണ് സംവിധാനം ചെയ്തത്. ഐശ്വര്യയെ കൂടാതെ മാലാ പാര്‍വതി, അഞ്ജലി അമീര്‍, ബോബി സിന്‍ഹ നവീന്‍ ചന്ദ്ര, രാജ രവീന്ദ്രന്‍, എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Karthik Subbaraj says that Sivakarthikeyan was approached to play the role of Karthik in jigarthanda