ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി (Hubballi) നഗരത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം (forceful religious conversion) നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് 15 പേര്‍ക്കെതിരെ കേസെടുത്തു.
കര്‍ണാടക പൊലീസ് തന്നെ ബുധനാഴ്ച ഇക്കാര്യം അറിയിച്ചതായി ആര്‍ഗസ് ന്യൂസ് (Argus news) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. തന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറാന്‍ ഭാര്യ നിര്‍ബന്ധിക്കുന്നുവെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്.
ഭാര്യയില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, വിഷയം സമുദായ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഭര്‍ത്താവ് പറഞ്ഞു. ഇതോടെ മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു മതത്തില്‍ പെട്ട ശിക്കലിഗാര (Shikkaligaara) സമുദായാംഗങ്ങള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് 15 പേര്‍ക്കെതിരെ കേസെടുത്തത്.
ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുകൊണ്ട് ആളുകളെ സമ്മര്‍ദ്ദം ചെലുത്താന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രാദേശിക ഗുണ്ടയായ മദന്‍ ബുഗുഡിയുടെ സഹായം സ്വീകരിക്കുന്നതായും ആരോപണമുണ്ട്.
ഇതേത്തുടര്‍ന്നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ മദന്‍ ബുഗുഡിക്കും മറ്റ് 14 പേര്‍ക്കുമെതിരായ പരാതി പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തില്‍ അന്വേഷണമാരംഭിക്കുകയും ചെയ്തത്.
നേരത്തെ ബജ്‌രംഗ് ദളിന്റെ കര്‍ണാടക യൂണിറ്റും സംസ്ഥാനത്തെ ചില ക്രിസ്ത്യന്‍ മിഷണറികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
മതപരിവര്‍ത്തനം ലക്ഷ്യമിട്ടുകൊണ്ട് ഭഗവത് ഗീതക്ക് സമാനമായ ചില പുസ്തകങ്ങള്‍ മിഷണറിമാര്‍ വിതരണം ചെയ്തുവെന്നും ഹിന്ദുക്കളെ ക്രിസ്റ്റ്യാനിറ്റിയിലേക്ക് മാറ്റാനാണ് ഈ നീക്കമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നതെന്ന് സിയാസത് ഡെയ്‌ലി (siasat daily) റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍, 2022 (Karnataka Protection of Right to Freedom of Religion Bill, 2022) കര്‍ണാടക നിയമസഭ പാസാക്കിയത്.
മതപരിവര്‍ത്തന വിരുദ്ധ ബില്ലിനെ (anti-conversion bill) ന്യൂനപക്ഷ മതസ്ഥരും മനുഷ്യാവകാശ സംഘടനകളും ശക്തമായി വിമര്‍ശിച്ചിരുന്നു.
Content Highlight: Karnataka Police registered case against 15 persons in connection with attempts of forceful religious conversion