കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെ നിരോധിച്ചേക്കും; യെദിയൂരപ്പ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇങ്ങനെ
national news
കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെ നിരോധിച്ചേക്കും; യെദിയൂരപ്പ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th August 2020, 10:57 am

ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ എസ്.ഡി.പി.ഐയെയും മാതൃ സംഘടനയായ പി.എഫ്.ഐയെയും നിരോധിച്ചേക്കുമെന്ന് സൂചന. നിരോധനം സംബന്ധിച്ച് ഓഗസ്റ്റ് 20ന് നടക്കുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്ന് സംസ്ഥാനത്തെ ഗ്രാമീണ വികസന വകുപ്പ് മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു.

ഓഗസ്റ്റ് 11നാണ് ബെംഗളൂരുവില്‍ അക്രമങ്ങളുണ്ടായത്. ഇതില്‍ എസ്.ഡി.പി.ഐ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനുള്ള പ്രേരണ നല്‍കുകയും കൊള്ളിവെപ്പിലേക്കും കലാപത്തിലേക്കും നയിക്കുകയുെ ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

‘സമൂഹത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. സമൂഹത്തിന്റെ സമാധാനവും ശാന്തിയും നഷ്ടപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്’, കെ.എസ് ഈശ്വരപ്പ പറഞ്ഞു.

എസ്.ഡി.പി.ഐയെ നിരോധിച്ചേക്കുമെന്ന സൂചന നല്‍കി റവന്യൂ മന്ത്രി ആര്‍ അശോകയും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലെ കലാപത്തിന് പങ്കുവഹിച്ചവര്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മുന്‍ കാലങ്ങളില്‍ അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നാണ് അശോകയുടെ ആരോപണം. ഈ സംഘടനകളുടെ നിരോധനം സംബന്ധിച്ച കാര്യങ്ങള്‍ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ, പി.എഫ്.ഐ അംഗങ്ങളുടെ പ്രാഥമിക അന്വേഷണവും ചോദ്യംചെയ്യലും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇരു പാര്‍ട്ടികളെയും നിരോധിച്ചേക്കുമെന്ന് ഉപമുഖ്യമന്ത്രി സി.എന്‍ അശ്വത് നാരായണും പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എം.എല്‍.എയുടെ ബന്ധു നവീനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി.

അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാവില്ല. സമാധാനം പാലിക്കണമെന്നും യെദിയൂരപ്പ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karnataka May Soon Ban SDPI, PFI