ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന കേസില്‍ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅ്ദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കര്‍ണാടക സര്‍ക്കാരിന്റെ ഹരജി പരിഗണിച്ച സുപ്രീംകോടതി മഅ്ദനി, തടിയന്റവിട നസീര്‍ ഉള്‍പ്പെടെ കേസിലെ 21 പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണകോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേള്‍ക്കല്‍ കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേള്‍ക്കല്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇത്.