ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ വേണ്ട; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക
ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ വേണ്ട; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd July 2021, 4:17 pm

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് എത്തുവര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി കര്‍ണാടക സര്‍ക്കാര്‍.

കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം.

നേരത്തെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമായിരുന്നു കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു.

കേരളത്തില്‍ ഡെല്‍റ്റ വൈറസ് വകഭേദം കണ്ടെത്തിയതോടെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ നിയന്ത്രണങ്ങള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതോടെയാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കൂടി കര്‍ണാടകയിലേക്ക് പ്രവേശനം അനുവദിച്ചത്.

കേരളത്തില്‍ നിന്നുള്ള വിമാനയാത്രികര്‍ക്കും ഇത് ബാധകമാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കു മാത്രമേ വിമാനക്കമ്പനികള്‍ ബോര്‍ഡിങ് പാസുകള്‍ അനുവദിക്കാവൂയെന്നാണ് കര്‍ണാടക ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ പക്കല്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് റെയില്‍വേ അധികൃതരും ബസ് യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.

കര്‍ണാടകയില്‍ നിരന്തരം വന്നുപോകുന്നവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍, രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, മറ്റ് അവശ്യകാര്യങ്ങള്‍ക്ക് (ബന്ധുവിന്റെ മരണം, ചികിത്സ എന്നിവ) എത്തിയവര്‍ എന്നിവരെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം’

Karnataka govt exempts partially Covid vaccinated travelers from Kerala