ബംഗളുരു: ബംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മഅദനിയ്‌ക്കെതിരെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
അഭിഭാഷകന്റെ ഫോണ്‍ വഴി മഅദനി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. മഅദനിയുടേത് സംശയകരമായ പെരുമാറ്റമാണെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൂറുമാറിയ സാക്ഷികളുടെ ലിസ്റ്റും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ശ്രീധരീയം കണ്ണാശുപത്രിയില്‍ ആയുര്‍വേദ ചികിത്സ നേടാന്‍ അനുവദിക്കണമെന്ന് മഅദനി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കര്‍ണാടക സത്യവാങ്മൂലത്തില്‍ എതിര്‍ക്കുന്നുണ്ട്.
കര്‍ണാടകയിലെ സൗഖ്യ ആശുപത്രിയിലും അഗര്‍വാള്‍, മണിപ്പൂര്‍ കണ്ണാശുപത്രികളിലും മഅദനി ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ മഅദനിയെ ചികിത്സിച്ച ഡോക്ടര്‍മാരാരും അദ്ദേഹത്തിന് വിദഗ്ധ ചികിത്സവേണമെന്ന് നിര്‍ദേശിച്ചിട്ടില്ല. മഅദനിയ്ക്ക് ഗുരുതരമായ അസുഖങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ ഈ നടപടിയില്‍ നിന്നും വ്യക്തമാകുന്നത്.
ഒരു തവണപോലും മഅദനിയെ ഏതെങ്കിലും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. മഅദനിയെ കേരളത്തിലേക്ക് പോകാനനുവദിച്ചാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മഅദനിയുടെ ഭാഗത്ത് നിന്ന് സാക്ഷികളെ സ്വാധീനിക്കാനുള്ള യാതൊരു ശ്രമവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മഅദനിയ്ക്ക് ഗുരുതരമായ അസുഖങ്ങളുണ്ടെന്നും അദ്ദേഹത്തിന് കേരളത്തില്‍ പോയി വിദഗ്ധ ചികിത്സ തേടാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടും.
കേരളത്തില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്നും മഅദനി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളും സാക്ഷികളെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ ഈ ആവശ്യം എതിര്‍ത്തിരുന്നു. തുടര്‍ന്ന് കോടതി ഈ അപേക്ഷ തള്ളിയിരുന്നു.
ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് മഅദനി നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മഅദനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
2008 ലെ ബാഗ്ലൂര്‍ ബോംബ് സ്‌ഫോടന കേസില്‍ കുറ്റാരോപിതനായിരുന്ന മഅദനി കഴിഞ്ഞ നാലര വര്‍ഷമായി ബാഗ്ലൂരിലെ പരപ്പന അഗ്രഹാര ജയില്‍ കഴിയുകയായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി മഅദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്.
ജൂലൈ പതിനാലിനാണ് ചികിത്സ നടത്തുന്നതിനായി മഅദനിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ബംഗളുരു ബോബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് മഅദനിക്കെതിരെ തീവ്രവാദത്തിനും രാജ്യദ്രോഹത്തിനും കൊലക്കുറ്റത്തിനുമാണ് കേസെടുത്തിരുന്നത്.