രാജിവെച്ചിട്ടില്ല; തന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ രാജിക്കത്തെന്നും കുമാരസ്വാമി
ബംഗ്‌ളൂരു: തന്റെ പേരില്‍ വ്യാജ രാജികത്ത് പ്രചരിക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പ്രചരിക്കുന്ന വ്യാജ രാജികത്തിന്റെ കോപ്പി നിയമസഭയില്‍ ഉയര്‍ത്തികാട്ടിയായിരുന്നു കുമാരസ്വാമിയുടെ ആരോപണം. താന്‍ രാജിവെച്ചിട്ടില്ലെന്നും കുമാര സ്വാമി വ്യക്തമാക്കി.
‘ഞാന്‍ എന്റെ രാജി കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി അറിയാന്‍ കഴിഞ്ഞു. ആരാണ് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. എന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമാണ്. ഇത് എന്നെ ഞെട്ടിച്ചു. ഇത് തരം താണ രാഷ്ട്രീയ നീക്കമാണ്.’ കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് നാളത്തെ സുപ്രീം കോടതി തീരുമാനം വരുന്നത് വരെ മാറ്റിവെക്കണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. അതേസമയം ഇന്ന് തന്നെ നടത്തണമെന്ന് ബി.എസ് യെദ്യൂരപ്പ സഭയില്‍ പറഞ്ഞു. അര്‍ധരാത്രി വരെ സഭയില്‍ തുടരാന്‍ തയ്യാറാണെന്നും യെദ്യൂരപ്പ നിയമസഭയില്‍ പറഞ്ഞു.
‘കോണ്‍ഗ്രസ്-ജെഡിഎസും സംസാരിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചിരുന്നില്ല. സിദ്ധരാമയ്യയും മുഖ്യമന്ത്രിയും നിങ്ങളും (സ്പീക്കര്‍) തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്ന് വാഗ്ദാനം ചെയ്തു. അര്‍ധരാത്രി വരെ സഭയില്‍ തുടരാന്‍ തയ്യാറാണ്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണ’മെന്നും യെദ്യൂരപ്പ പറഞ്ഞു.
പുലര്‍ച്ചെ വരെ സഭയില്‍ ഇരിക്കാന്‍ തയ്യാറാണെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ്കുമാറും വ്യക്തമാക്കി.