[]ന്യൂദല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം നീട്ടിക്കിട്ടിയാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ടത്.
വി.ഐ.പികളടക്കം പത്ത് പേരെങ്കിലും ദിവസവും മഅദനിയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. മള്‍ട്ടി സ്‌പെഷ്യല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ആയുര്‍വേദ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയ മഅ്ദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കര്‍ണാടക ആരോപിച്ചു.
മഅ്ദനിയുടെ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നീക്കം. സൗഖ്യ ആശുപത്രിയില്‍ കഴിയവേ എല്ലാ ദിവസവും മഅ്ദനിക്ക് സന്ദര്‍ശകരുണ്ടായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തില്‍ നിന്ന് മാത്രമല്ല അന്യസംസ്ഥാനത്ത് നിന്നുള്ളവരും കാണാനെത്തിയിരുന്നു. അവരില്‍ പലരും വി.ഐ.പികളുമാണ്.
മഅ്ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികള്‍ ഫ്രീഡം പാര്‍ക്കില്‍ പൊതുയോഗവും നടത്തി. ഇതെല്ലാം സാക്ഷികളെ സമ്മര്‍ദ്ദത്തിലാക്കുകയും വിചാരണയെ ബാധിക്കുകയും ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കര്‍ണാടക സര്‍ക്കാറിന് വേണ്ടി അണ്ടര്‍ സെക്രട്ടറി ഗോവിന്ദ സ്വാമിയാണ് നാലുപേജ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പെരുന്നാള്‍ ദിവസം ഈദ്ഗാഹില്‍ പങ്കെടുക്കുന്നതില്‍ നിന്നും മഅ്ദനിയെ വിലക്കിയ നടപടിയും സത്യവാങ്മൂലത്തില്‍ ന്യായീകരിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത ശിവജി നഗറിലെ ഈദ്ഗാഹില്‍ മഅ്ദനിക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിന് കഴിയുമായിരുന്നില്ല. അതിനാലാണ് വിലക്കിയത്. എന്നാല്‍ മറ്റെവിടെയെങ്കിലും മഅ്ദനിക്ക് നമസ്‌കാരം നിര്‍വഹിക്കുന്നതിനുളള അവകാശം നിഷേധിച്ചിട്ടില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വിശദീകരിച്ചു.
ചികിത്സ പൂര്‍ത്തിയായിട്ടില്ലെന്ന കാര്യം വിശദീകരിച്ച് ജാമ്യം നീട്ടണമെന്ന ആവശ്യം കേസ് വീണ്ടും പരിഗഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കുമെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.
അതിനിടെ മഅ്ദനിയെ സന്ദര്‍ശിക്കാനെത്തിയ പി.ഡി.പി നേതാവിനെയും കുടുംബത്തെയും പോലീസ് തടഞ്ഞുവെച്ചു. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൊല്ലം ജില്ലാ പ്രസിഡന്റുമായ മൈലക്കാട് ഷായെയും കുടുംബത്തെയുമാണ് ചോദ്യം ചെയ്യാനെന്ന പേരില്‍ പോലീസ് തടഞ്ഞുവെച്ചത്.
കഴിഞ്ഞമാസം 11നാണ് മഅ്ദനിക്ക് സുപ്രീംകോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ഈ മാസം11ന് കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് രണ്ട് ആഴ്ച മുതല്‍ രണ്ട് മാസം വരെ ചികിത്സ വേണ്ടിവരുമെന്ന് മഅ്ദനി കോടതിയെ അറിയിച്ചു. ഇത് സൂചിപ്പിക്കുന്ന സൗഖ്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് ജാമ്യം രണ്ടാഴ്ച കൂടി നീട്ടി നല്‍കുകയായിരുന്നു.