കരിമ്പുഴയിലെ കദളീവനം
Daily News
കരിമ്പുഴയിലെ കദളീവനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2014, 6:10 pm

kerala-karshakan


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


karimbuzha-668black-lineകേരളകര്‍ഷകന്‍ / കെ.ബി. രാജന്‍

black-line

[] പാലക്കാട് കരിമ്പുഴയുടെ തീരത്ത് പൊമ്പ്ര ഗ്രാമത്തില്‍ വാഴയും മറ്റ് പഴവര്‍ഗവിളകളും കൊണ്ട് ഒരു കദളീവനം ഒരുക്കിയിരിക്കുന്നു അറുപത്തഞ്ചുകാരനായ അരവിന്ദന്‍. സ്വദേശിയും വിദേശിയും വംശനാശഭീഷണി നേരിടുന്നതുമായ 54 ഇനം വാഴകളും തൊണ്ണൂറിലേറെ പഴവര്‍ഗച്ചെടികളും അവയില്‍ത്തന്നെ വ്യത്യസ്തമായ പല ഇനങ്ങളാലും അലംകൃതമാണ് അരവിന്ദന്റെ അഞ്ചേക്കറോളം വരുന്ന പഴത്തോട്ടം.

കര്‍ഷക കുടുംബത്തില്‍ ജനിച്ചുവെങ്കിലും മുഴുവന്‍ സമയപൊതുപ്രവര്‍ത്തകനും വിവിധ മേഖലകളില്‍ ജനപ്രതിനിധിയുമായിരുന്ന അരവിന്ദന്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി കാര്‍ഷിക മേഖലയിലും സജീവമാണ്. ലാഭകരമായ കച്ചവടം മാത്രമല്ല കൃഷി എന്ന് വിശ്വസിക്കുന്ന അരവിന്ദന്‍ വളരെ നാളത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് വിവിധ വിളകളുടെ ഇത്രയേറെ ഇനങ്ങള്‍ സ്വരൂപിച്ചത്.

നാടന്‍ വാഴ ഇനങ്ങളായ ആറ്റുനേന്ത്രന്‍, ക്വിന്റല്‍വാഴ, വരിക്കവാഴ, മട്ടിവാഴ, കുന്നന്‍, പടറ്റി, പൂവന്‍, കൂമ്പില്ലാകുന്നന്‍, ഞാലിപ്പൂവന്‍, കദളിയില്‍ത്തന്നെ പൂജകദളി, ചെങ്കദളി, സുദര്‍ശനകദളി,  കരിങ്കദളി, നെയ്‌വണ്ണന്‍, പാളയങ്കോടന്‍, നേന്ത്രന്‍, മൊന്തന്‍, കല്ലുവാഴ എന്ന ഔഷധവാഴ, വിദേശ ഇനങ്ങളില്‍ ആഫ്രിക്കന്‍ ഇനങ്ങളായ യംഗാംബി കെ.എം. 5, ബിഗ് എബാംഗ്, ഇംഗ്ലീഷ് പൂവന്‍ എന്നറിയപ്പെടുന്ന ഗ്രോമിഷല്‍, സാന്‍സിബാര്‍, നൈജീരിയയില്‍ നിന്നുള്ള ടി.എം.ബി. 52951, ഹോണ്ടുറാസ് ഇനമായ എസ്സ്.എച്ച്3640, ഇസ്രയേല്‍ ഇനമായ ഗ്രാന്റ് നെയിന്‍, മലേഷ്യന്‍ ഇനമായ പിസാംഗ് ലിലിന്‍, തമിഴ് നാട്ടില്‍ നിന്നുള്ള ഉദയം, രസ്താളി, പച്ച വാഴപ്പഴം തുടങ്ങിയവയും അരവിന്ദന്റെ വാഴശേഖരത്തിലുണ്ട്.

വാഴയിനങ്ങളില്‍ ഏറ്റവും മികച്ചതും ലാഭകരമായി കൃഷി ചെയ്യാവുന്നതുമാണ് കണ്ണാറ വാഴഗവേഷണ കേന്ദ്രത്തില്‍നിന്നു ലഭിച്ച യംഗാംബി എന്ന ആഫ്രിക്കന്‍ വാഴയെന്ന് അരവിന്ദന്‍ പറയുന്നു. കര്‍ഷകന് ലാഭവും ഉപഭോക്താക്കള്‍ക്ക് ഏറ്റവും സ്വാദിഷ്ടവും  ഇവയാണിതിന്റെ പ്രത്യേകതകള്‍.

11- 12 മാസം കൊണ്ട് കുല പാകമാകും. കുറ്റിവാഴ (കന്നുകള്‍ പിരിച്ചുവയ്ക്കാതെ വളര്‍ത്തുമ്പോള്‍) 8- 9 മാസംകൊണ്ട് കുല വെട്ടാം. 3 വര്‍ഷം കൊണ്ട് 4 കുല കിട്ടും. വാഴനാരിന് നല്ല ഉറപ്പുള്ളതിനാല്‍ കുറ്റി വാഴയായി വളര്‍ത്തിയാലും മറിഞ്ഞോ ഒടിഞ്ഞോ വീഴില്ല. ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ 18- 20 കിലോ വരെ തൂക്കം വരുന്ന കുലകള്‍ കിട്ടും.

 അരവിന്ദന്റെ തോട്ടത്തില്‍ പഴച്ചെടികള്‍ക്ക് പുറമെ നൂറിലധികം ഔഷധസസ്യങ്ങള്‍ വിവിധതരം പച്ചക്കറികള്‍, തെങ്ങ്, കമുക്, ജാതി, റബ്ബര്‍ എല്ലാം നിറഞ്ഞുവളരുന്നു

കേരളത്തില്‍ കാവേരി, സുന്ദരി, സുഗന്ധി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പിസാംഗ് ലിലിന്‍ എന്ന ഇനവും വളരെ ലാഭകരമായി കൃഷി ചെയ്യാം. പഴുക്കുമ്പോള്‍ ഹൃദ്യമായ മണമുള്ള പിസാംഗ് ലിലിന്‍ 7- 8 മാസം കൊണ്ട് വിളവെടുക്കാം. കുലകള്‍ പിരിച്ചു വയ്ക്കാതെ വളര്‍ത്തുമ്പോള്‍ രണ്ട് വര്‍ഷംകൊണ്ട് 3 കുല വെട്ടാം.

5- 6കിലോ തൂക്കം വരുന്ന കുലകള്‍ കിട്ടാറുണ്ട്. ഉദയം, രസ്താളി, ഗ്രാന്റ് നെയിന്‍, ക്വിന്റല്‍വാഴ എന്നിവയില്‍നിന്ന് 60 കിലോ വരെ തൂക്കമുള്ള കുലകള്‍ കിട്ടും. യംഗാംബി, പിസാംഗ് ലിലിന്‍, ബിഗ് എബാംഗ്, സാന്‍സിബാര്‍, ഉദയം, രസ്താളി, ഗ്രാന്റ് നെയിന്‍, ഗ്രേറ്റ് ഗ്രാന്റ് നെയിന്‍, ഗ്രോമിഷല്‍, സ്വര്‍ണ്ണമുഖി തുടങ്ങി പന്ത്രണ്ടോളം ഇനങ്ങള്‍ ലാഭകരമായി കൃഷി ചെയ്യാവുന്ന ഇനങ്ങളെന്ന് അരവിന്ദന്റെ അനുഭവം.

പഴവര്‍ഗചെടികളില്‍ പപ്പായ മുതല്‍ ജമൈക്കന്‍ സ്റ്റാര്‍ ഫ്രൂട്ട്, ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പിസ്ത, ആസ്‌ത്രേലിയന്‍ ഇനമായ പെരിസ്‌കിയ തുടങ്ങി തൊണ്ണൂറിലേറെ ഇനങ്ങളുണ്ട്. ഇവയിലും ഉണ്ട് വ്യത്യസ്തമായ ഇനവൈവിധ്യം.

മഞ്ഞയും ചുവപ്പും നിറത്തിലുള്ള റമ്പൂട്ടാന്‍, പച്ച, ചുവപ്പ്, വെള്ള, പിങ്ക് എന്നീ 4 നിറങ്ങളിലുള്ള മലയന്‍ ആപ്പിള്‍, ബാങ്കോങ്ങ്, മെക്‌സിക്കോ, പച്ച, വെള്ള, റോസ്, പനിനീര്‍, ആപ്പിള്‍ചാമ്പ എിങ്ങനെ ഏഴിനം ചാമ്പ, നാലിനം ഓറഞ്ച്, പതിനാലിനം പേര, ആറ് ഇനം നെല്ലി, രണ്ട് ഇനം സപ്പോട്ട, വിവിധതരം പപ്പായ, പതിനൊന്നിനം പ്ലാവ്, വിവിധതരം നാരകം, പതിനേഴ് ഇനം മാവ് എന്നിവ അരവിന്ദന്റെ കദളീവനത്തിന് പെരുമ കൂട്ടുന്നു.

മണ്ണ്, ജലം, സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്തുന്ന അരവിന്ദന്റെ തോട്ടത്തില്‍ പഴച്ചെടികള്‍ക്ക് പുറമെ നൂറിലധികം ഔഷധസസ്യങ്ങള്‍ വിവിധതരം പച്ചക്കറികള്‍, തെങ്ങ്, കമുക്, ജാതി, റബ്ബര്‍ എല്ലാം നിറഞ്ഞുവളരുന്നു.

വാഴക്കുലകള്‍ പിരിച്ചുവയ്ക്കാറില്ല. തോട്ടം കിളയ്ക്കാറില്ല. വാഴയും മറ്റും നടുമ്പോള്‍ കുഴിയെടുക്കാന്‍ മാത്രമാണ് മണ്ണിളക്കുന്നത്. വിളകള്‍ക്ക് ദോഷം ചെയ്യുന്ന കളകള്‍ വെട്ടി പുതയിടാറുമുണ്ട്.

വീട്ടിലെ പശുക്കളില്‍ നിന്നുള്ള ചാണകവും മൂത്രവും പിന്നെ വെണ്ണീര്‍, മണ്ണിരകമ്പോസ്റ്റ്, ജീവാമൃതം, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കുമ്മായം എന്നിവയുമാണ് വളങ്ങള്‍. വാഴയ്ക്ക് ഇടയ്ക്ക് പിണ്ടിപ്പുഴു ശല്യമുണ്ടാകും. പിണ്ടിപ്പുഴുവിനെ തുരത്താന്‍ ഗോമൂത്രം തളിച്ച് കൊടുക്കുന്നതാണ് അരവിന്ദന്റെ രീതി.

മറ്റു വിളകള്‍ക്ക് കിരിയാത്ത്, ആത്ത, വയമ്പ്, അരൂത, പനികൂര്‍ക്ക തുടങ്ങിയ സസ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്നു.

തോട്ടം സന്ദര്‍ശിക്കുന്ന സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും വിളകളെയും കൃഷിരീതികളെയുംകുറിച്ച് വിവരിച്ചു കൊടുക്കാന്‍ അരവിന്ദനൊപ്പം സഹായിയായി ഭാര്യ ദേവിയുമുണ്ട്. തോട്ടം പരിപാലനത്തിന് ദീര്‍ഘനാളായി കദീജ, നീലി എന്നീ രണ്ട് സഹായികളുമുണ്ട്.

വിലാസം :
കെ. അരവിന്ദ്,
പി.വി.കളം, പൊമ്പ്ര പി.ഒ,
പാലക്കാട്678595.
ഫോ: 9947091208, 9495250655