Football
ഒരു നേട്ടം കൂടി പേരിലാക്കി ബെന്‍സെമ; റൊണാള്‍ഡോയെ പിന്നിലാക്കാന്‍ ഇനി കുറച്ച് ദൂരം മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 16, 05:37 am
Thursday, 16th February 2023, 11:07 am

കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് എല്‍ച്ചെയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം.

മത്സരത്തില്‍ കരിം ബെന്‍സെമ ഇരട്ട ഗോളും മാര്‍ക്കോ അസെന്‍സിയയോയും ലൂക്കാ മോഡ്രിച്ചും ഓരോ ഗോളുകള്‍ വീതവും നേടി. ഈ മത്സരത്തോടെ പുതിയൊരു നേട്ടം കൂടി പേരിലാക്കിയിരിക്കുകയാണ് ബെന്‍സെമ.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതിയാണ് താരം നേടിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്ത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടരുകയാണ്. എല്‍ച്ചെക്കെതിരെ രണ്ട് ഗോളുകളോടെ ആകെ ഗോളുകളുടെ എണ്ണം 229 ആയി ഉയര്‍ത്തിയിരിക്കുകയാണ് താരം. 311 ഗോളുകളാണ് റയല്‍ ജേഴ്‌സിയില്‍ റൊണാള്‍ഡോയുടെ നേട്ടം.

എല്‍ച്ചെക്കെതിരായ മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോ ആണ് റയലിനായി ആദ്യ ഗോള്‍ വലയിലെത്തിച്ചത്.

തുടര്‍ന്ന് 31ാം മിനിട്ടില്‍ ബെന്‍സെമ റയലിന്റെ രണ്ടാമത്തെ ഗോള്‍ തൊടുത്തു. 45ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു താരത്തിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പാദത്തിന്റെ 80ാം മിനിട്ടിലാണ് ലൂക്കാ മോഡ്രിച്ച് എല്‍ച്ചെയുടെ വലകുലുക്കിയത്.

ഈ മത്സരത്തോടെ റയല്‍ മാഡ്രിഡ് കരിയറില്‍ 339 ഗോളുകള്‍ അക്കൗണ്ടിലാക്കിയിരിക്കുകയാണ് ബെന്‍സെമ. അതേസമയം 450 ഗോളുകളാണ് റൊണാള്‍ഡോയുടെ റയലിലെ സമ്പാദ്യം. ഇതോടെ റയല്‍ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളായി ക്രിസ്റ്റ്യാനോയും ബെന്‍സമയും മാറിയിരിക്കുകയാണ്.

ബെന്‍സെമ കൂടുതല്‍ മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹത്തിന്റെയും മെന്റാലിറ്റിയിലും അനുദിനം ഇംപ്രൂവ്‌മെന്റ് ഉണ്ടെന്നുമാണ് ബെന്‍സെമയുടെ ട്രെയ്‌നര്‍ അഭിപ്രായപ്പെട്ടത്.

35കാരനായ ബെന്‍സെമയാണ് 2022ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ഹനായത്. ഈ പ്രായത്തിലും തന്റെ കഴിവ് ശോഷിച്ച് പോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ക്ലബ്ബ് ഫുട്‌ബോളിലെ താരത്തിന്റെ പ്രകടനം തെളിയിക്കുന്നത്.

Content Highlights: Karim Benzema breaks another record in Real Madrid’s history