ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മൂന്നാമത്തെയും അവസാനത്തെയും മത്സരം അഹമ്മദാബാദില്‍ ഇന്ന് (ബുധന്‍) നടക്കാനിരിക്കുകയാണ്. തുടര്‍ച്ചയായ ഒറ്റയക്കങ്ങള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും ശേഷം ഏകദിനത്തിലെ 32ാം സെഞ്ച്വറി നേടിയാണ് രോഹിത് ശര്‍മ കഴിഞ്ഞ മത്സരത്തില്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്.
90 പന്ത് നേരിട്ട 119 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ഏഴ് സിക്സറും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഏറെ കാലം മോശം ഫോമിന്റെ കുരുക്കില്‍ പെട്ട് വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു രോഹിത്.
എന്നാല്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ കാര്യ ഇപ്പോഴും വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് മുന്നില്‍ നില്‍ക്കെ രോഹിത്തും വിരാടും ഫോമിലേക്ക് എത്തേണ്ടത് ഇന്ത്യയെ സംമ്പന്ധിച്ച് പ്രധാനമാണ്. ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് തങ്ങളുടെ ഫോം തിരിച്ചുപിടിക്കുന്നതിനുള്ള പരിഹാരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്.
താരങ്ങള്‍ സമാനമായ ബാറ്റിങ് ശൈലിയുള്ള താരങ്ങളുമായി സംസാരിക്കാനും തങ്ങളുടെ തുടക്കകാലത്തുള്ള മികച്ച ഇന്നിങ്‌സുകളുടെ വീഡിയോ കാണാനും കപില്‍ ദേവ് പറഞ്ഞു. മാത്രമല്ല മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡിനോടും സുനില്‍ ഗവാസ്‌കറോടും സംസാരിക്കാനും കപില്‍ ദേവ് നിര്‍ദേശിച്ചു.
‘ബാറ്റര്‍മാര്‍ ഫോമിലല്ലാത്തപ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്നുവരും. സമാനമായ മാനസികാവസ്ഥയും കളിശൈലിയുമുള്ള കളിക്കാരുമായി സംസാരിക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല പരിഹാരം. നിങ്ങളുടെ തുടക്ക കാലത്ത് നിങ്ങള്‍ എങ്ങനെ റണ്‍സ് നേടിയിരുന്നുവെന്ന് വിശകലനം ചെയ്യാന്‍ നിങ്ങളുടെ വീഡിയോകള്‍ കാണണം.
നിങ്ങള്‍ക്ക് വീണ്ടും 22 അല്ലെങ്കില്‍ 25 വയസുള്ള കോഹ്‌ലിയോ രോഹിത്തോ ആകാന്‍ കഴിയില്ല. പക്ഷേ നിങ്ങളുടെ മികച്ച ഇന്നിങ്സുകള്‍ കാണുന്നത് നിങ്ങളെ ഫോമിലേക്കെത്താന്‍ സഹായിക്കും. ക്രിക്കറ്റ് ആത്മവിശ്വാസം പ്രധാനമാണ്, അതിനര്‍ത്ഥം അവര്‍ക്ക് ഫോമിലേക്ക് മടങ്ങാന്‍ കഴിയില്ല എന്നല്ല. അവര്‍ സുനില്‍ ഗവാസ്‌കറുമായും രാഹുല്‍ ദ്രാവിഡുമായും സംസാരിക്കേണ്ടതുണ്ട്,’ ക്രിക്കറ്റ് അഡ്ഡയില്‍ കപില്‍ ദേവ് പറഞ്ഞു.
Content Highlight: Kapil Dev Talking About Rohit Sharma And Virat Kohli