ക്രിക്കറ്റ് ഈസ് ഓള്‍വേയ്‌സ് സെപ്ഷ്യല്‍; കിച്ച സുദീപിനെ ഞെട്ടിച്ച് കപില്‍ ദേവ്
Sports News
ക്രിക്കറ്റ് ഈസ് ഓള്‍വേയ്‌സ് സെപ്ഷ്യല്‍; കിച്ച സുദീപിനെ ഞെട്ടിച്ച് കപില്‍ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th June 2022, 4:09 pm

സാന്‍ഡല്‍വുഡിന്റെ ഇഷ്ടനായകന്‍ കിച്ച സുദീപ് ഇപ്പോള്‍ ആഹ്ലാദത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. മുന്‍ കോളേജ് ക്രിക്കറ്റ് ടീം അംഗമായ താരത്തിന് അത്തരമൊരു സര്‍പ്രൈസാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും കപില്‍ ദേവിന്റെയും കടുത്ത ആരാധകനായ കിച്ച സുദീപിന് സാക്ഷാല്‍ കപില്‍ ദേവ് ഒരു ബാറ്റ് സമ്മാനമായി നല്‍കിയാണ് ഞെട്ടിച്ചിരിക്കുന്നത്.

വെറും ബാറ്റല്ല, ഇന്ത്യ ആദ്യമായി 1983ല്‍ ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന എല്ലാവരുടെയും കയ്യൊപ്പ് പതിച്ച ബാറ്റാണ് താരത്തിന് സമ്മാനമായി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയതിന്റെ 39ാം വാര്‍ഷികം എന്നതും ശ്രദ്ധേയമാണ്.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ എക്‌സൈറ്റ്‌മെന്റിലാണ് സുദീപ്. സമൂഹമാധ്യമങ്ങളിലൂടെയെല്ലാം താരം തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.

‘വാട്ട് എ സണ്‍ഡേ. ഈ വലിയ സര്‍പ്രൈസിന് ഒരുപാട് നന്ദി കപില്‍ ദേവ് സാര്‍. ഞാന്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു ക്ലാസിക് പീസ് തന്നെയാണ്. ഞാനിപ്പോള്‍ ലോകത്തിന് ഏറ്റവും മുകളിലാണ്. നന്ദി നന്ദി’ എന്ന കുറിപ്പോടെയാണ് താരം ബാറ്റിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കപില്‍ ദേവിന്റെ സമ്മാനം ലഭിച്ചതില്‍ താരത്തേക്കാള്‍ ആവേശം, കിച്ചയുടെ ആരാധകര്‍ക്കാണ്. കമന്റ് ബോക്‌സിലെല്ലാം തന്നെ ആരാധകര്‍ സന്തോഷം പങ്കുവെക്കുന്നുണ്ട്.

അഡ്വഞ്ചര്‍ ഭണ്ഡാരി സംവിധാനം ചെയ്യുന്ന വിക്രാന്ത് റോണയാണ് താരത്തിന്റെതായി പുറത്തുവരാനുള്ള അടുത്ത ചിത്രം.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന്റെ കീഴിലായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. തുടര്‍ച്ചയായി മൂന്നാം ലോകകപ്പ് ലക്ഷ്യം വെച്ചിറങ്ങിയ ക്ലൈവ് ലോയ്ഡിന്റെ കീഴിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 43 റണ്‍സിനായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സെടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു. 38 റണ്ണെടുത്ത ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 140 റണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കായി മദന്‍ ലാലും മോഹിന്ദര്‍ അമര്‍നാഥും മൂന്ന് വിക്കറ്റുകള്‍ നേടി. 33 റണ്ണെടുത്ത വിവിയന്‍ റിച്ചാര്‍ഡ്സായിരുന്നു വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

1983ലെ വിജയത്തിന് ശേഷം 28 വര്‍ഷത്തിന് ശേഷം 2011ല്‍ ധോണിക്ക് കീഴിലാണ് ഇന്ത്യ രണ്ടാമതായി ലോകകപ്പ് നേടിയത്.

Content Highlight:  Kapil Dev suprises Kichcha Sudeep