കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്ടായി കാണണമെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചല്ല നാം അവകാശങ്ങള്‍ നേടിയെടുക്കേണ്ടത്. അങ്ങിനെയുണ്ടാകുന്ന നേട്ടങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാവുകയുള്ളൂ. ഭരണഘടനാപരമായി അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാന്‍ പാകത്തിന് ആളുകളെ ശക്തിപ്പെടുത്താനാണ് സമുദായങ്ങള്‍ ശ്രദ്ധിക്കേണ്ടത്. []
സമൂഹത്തിനു മാതൃകയാവേണ്ട മത സാമുദായിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. സാമൂഹിക നന്മകളെ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മത സമൂഹങ്ങള്‍ക്കേ കഴിയുകയുള്ളൂ.
ഇത്തരം ക്രിയാത്മകമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനു പകരം മതസാമുദായിക പ്രസ്ഥാനങ്ങള്‍ താത്ക്കാലികമായ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഖേദകരമാണ്.
സമുദായ സംഘടനകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ദീര്‍ഘാടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യേണ്ടത്.
സാമുദായിക സംഘടനകളുടെ വിശ്വാസ്യത ഇല്ലാതാക്കാനേ ഇത്തരം പ്രവൃത്തികള്‍ സഹായിക്കുകയുള്ളൂ. തങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിയാന്‍ ഇവര്‍ തയ്യാറാകണം. അതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് സര്‍ക്കാറുകള്‍ ചെയ്യേണ്ടത്.
കോടതിയെ തിരുത്തുമെന്നും സര്‍ക്കാറിനെ മറിച്ചിടുമെന്നും ഭീഷണിപ്പെടുത്തുന്നതിന് പിന്നില്‍ അഹങ്കാരമാണ്. അഹങ്കാരങ്ങള്‍ വിലപോകില്ല.നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തലാണ് തിരഞ്ഞെടുപ്പുകളുടെ ലക്ഷ്യം.
ഓരോ തിരഞ്ഞെടുപ്പുകളെയും പേടിയോടെ കാണേണ്ട സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ബോംബുസ്‌ഫോടനങ്ങള്‍ നടത്തി ഭീതി സൃഷ്ടിച്ചും മതസാംസ്‌കാരിക വേദികള്‍ ദുരുപയോഗം ചെയ്തും വോട്ട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആത്യന്തികമായി രാജ്യത്തിന്റെ സാമൂഹിക ഘടനയെയുംജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും പുറത്തു ജോലി ചെയ്യുന്ന കഴിവുറ്റ മലയാളി പ്രൊഫഷണലുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കാന്തപുരം
ആവശ്യപ്പെട്ടു.
സമരം തന്നെ ജീവിതം എന്ന പ്രമേയം വിശാലമായ അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം ജീവിതത്തോടാണ് ആദ്യം സമരം ചെയ്യേണ്ടത്. അറിവാണ് സമരത്തിന്റെ പ്രധാന ആയുധം. മതത്തിനകത്ത് നവീനവാദം ഉയര്‍ത്തുന്ന പുത്തന്‍ പ്രസ്ഥാനങ്ങളോടുള്ള സമരങ്ങള്‍ അനിവാര്യമാണ്.
എന്നാല്‍, ഈ സമരം ആയുധങ്ങള്‍ കൊണ്ടാകരുത്. മറിച്ച് പേനയിലൂടെയും സാഹിത്യങ്ങളിലൂടെയുമാകണം.നല്ല വാക്കുകളിലൂടെ ജനങ്ങളില്‍ നന്മ വളര്‍ത്തുക. യൗവനം പഠനത്തിനും പ്രബോധനത്തിനുമായി ഉപയോഗിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
സാമൂഹിക തിന്മകള്‍ക്കെതിരെ നിയമപരമായ പോരാട്ടം മാത്രമല്ല ധാര്‍മികമായ പോരാട്ടവും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്്.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും അക്രമവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളും പെരുകി വരികയാണ്. ഇതൊക്കെ കര്‍ശനമായി നിയന്ത്രിക്കാന്‍ നിയമങ്ങളുമുണ്ട്. അതുകൊണ്ടുമാത്രം എല്ലാ തിന്മകളും പൂര്‍ണമായി തുടച്ചുനീക്കാനാകില്ല.
അതിന് ധാര്‍മികതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ വേണം. യുവാക്കളാണ് ഇതിനായി മുന്നോട്ടുവരേണ്ടത്. എസ്.എസ്.എഫ് പോലുള്ള സംഘടനകള്‍ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് ഡോ. അലിയ്യുല്‍ ഹാശിമി, ദുബൈ മതകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, മലേഷ്യന്‍ പ്രതിനിധി മുഹമ്മദ് നാഹിബ്,
സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കെ.പി. ഹംസ മുസ്ലിയാര്‍, ഇ. സുലൈമാന്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍,
അസം നഗര വികസന മന്ത്രി സിദ്ദീഖ് അഹമ്മദ്, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് ഖാദിരി, എം. മുഹമ്മദ് സാദിഖ് എന്നിവര്‍ സംസാരിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.