Advertisement
Kerala News
ഹക്കിം അസ്ഹരിയും കാസിം ഇരിക്കൂറും കൂടിക്കാഴ്ച നടത്തി; ഐ.എന്‍.എല്ലിലെ തര്‍ക്കം പരിഹരിക്കാന്‍ കാന്തപുരം വിഭാഗത്തിന്റെ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 31, 08:19 am
Saturday, 31st July 2021, 1:49 pm

കോഴിക്കോട്: മന്ത്രി സ്ഥാനം ത്രിശങ്കുവിലായിരിക്കെ ഐ.എന്‍.എല്ലിലെ തര്‍ക്കം പരിഹരിക്കാന്‍ കാന്തപുരം എ.പി വിഭാഗത്തിന്റെ ശ്രമം. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹക്കിം അസ്ഹരിയും കാസിം ഇരിക്കൂറും തമ്മില്‍ കോഴിക്കോട് കൂടിക്കാഴ്ച നടത്തി.

അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന അബ്ദുള്‍ വഹാബ് വിഭാഗത്തിന്റെ യോഗം മാറ്റിവെച്ചതായി വിവരമുണ്ട്. ഇത് ഇരു വിഭാഗവും തമ്മിലുള്ള പ്രശ്‌നത്തിന്റെ മഞ്ഞുരുക്കമാണ് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

എ.പി. അബ്ദുള്‍ വഹാബ്, കാസിം ഇരിക്കൂര്‍ വിഭാഗങ്ങളുമായും മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായും കാന്തപുരം എ.പി. വിഭാഗത്തിന്റെ പ്രധാന നേതാക്കള്‍ കഴിഞ്ഞ ദിവസവും ചര്‍ച്ച നടത്തിയിരുന്നു.

പാര്‍ട്ടിയായി നിന്നാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്നാണ് ഐ.എന്‍.എലിനോട് സി.പി.ഐ.എം പറഞ്ഞിരുന്നത്. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിനോടാണ് എ.കെ.ജി സെന്ററില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ സി.പി.ഐ.എം നിലപാട് അറിയിച്ചിരിക്കുന്നത്.

രണ്ട് വിഭാഗമായി മുന്നോട്ട് പോകുകയാണെങ്കില്‍ മുന്നണിയില്‍ തുടരുന്നതടക്കം തടസ്സങ്ങള്‍ നേരിടേണ്ടി വരും. ഒരു മുന്നണിയോഗത്തിലാണെങ്കില്‍ കൂടിയും ഒരുമിച്ച് വിളിക്കാന്‍ ബുദ്ധിമുട്ടുകളുണ്ടാകും. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നാണ് സി.പി.ഐ.എം പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐ.എന്‍.എലുമായി അടുത്ത ബന്ധമുള്ള കാന്തപുരം വിഭാഗം പ്രശ്‌നത്തില്‍ ഇടപെടുന്നത്.

ജൂലൈ 25 ഞായറാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തിനിടെയുണ്ടായ തല്ലിന് പിന്നാലെയാണ് ഐ.എന്‍.എല്‍ പിളര്‍ന്നതായും ജനറല്‍ സെക്രട്ടറിയായ കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും അബ്ദുള്‍ വഹാബ് വിഭാഗം അറിയിച്ചത്.

കാസിം ഇരിക്കൂറിന് പകരം നാസര്‍കോയ തങ്ങളെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി അബ്ദുള്‍ വഹാബ് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും പാര്‍ട്ടിയുടെ അഖിലേന്ത്യ അധ്യക്ഷന്റേതാണ് ഈ തീരുമാനമെന്നും ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂറും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHGTS:  Kanthapuram AP team faction’s attempt to resolve dispute in INL