കളക്ടര്‍ ചെയ്തത് ശരി, കളക്ടര്‍ക്ക് അതിന് അധികാരം ഉണ്ട് ;നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്കിറക്കിയ നടപടിയില്‍ കളക്ടര്‍ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ
Kerala
കളക്ടര്‍ ചെയ്തത് ശരി, കളക്ടര്‍ക്ക് അതിന് അധികാരം ഉണ്ട് ;നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്കിറക്കിയ നടപടിയില്‍ കളക്ടര്‍ക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th July 2017, 9:14 pm

തിരുവന്തപുരം: ജില്ലയില്‍ സമരം നടത്തുന്ന നഴ്സുമാരെ നേരിടാന്‍ നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടി ശരിയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കളക്ടര്‍ക്ക് അതിന് അധികാരം ഉണ്ട്. പ്രതിസന്ധി പരിഹരിക്കുക എന്നത് കളക്ടറുടെ ചുമതലയാണ് അത്‌കൊണ്ടാണ് കളക്ടര്‍ 144 പ്രഖ്യാപിച്ചത്

സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് കളക്ടര്‍ ഇടപെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി

ഇന്നലെയാണ് ജില്ലയിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ സെക്ഷന്‍ 144 ഉപയോഗിച്ച് ജില്ല ഭരണകൂടം രംഗത്തെത്തിയത് സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിടുകയായിരുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനായിരുന്നു കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്സില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്നും ഉത്തരവുണ്ട്. ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐപിസി-സിആര്‍പിസി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കണമെന്നും ഉത്തരവില്‍ കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. സാധാരണ സംഘര്‍ഷസാഹചര്യങ്ങളെ നേരിടുവാനാണ് കളക്ടര്‍മാര്‍ 144 വഴി നിരോധനാജ്ഞ പ്രഖ്യാപിക്കാറ്.


Also read ബീഫ് കൈവശം വെച്ചന്നാരോപിച്ച് മര്‍ദ്ദനം നേരിട്ട ഇരയെ പോലീസ് അറസ്റ്റ് ചെയ്തു;


എന്നാല്‍അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായിരുന്നു. ജോലിക്കെത്താന്‍ നിര്‍ദേശിച്ചിരുന്ന പരിയാരം നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ കളക്ടറുടെ ഉത്തരവ് അനുസരിക്കാന്‍ തയാറായില്ല.

സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധ ധര്‍ണയും നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവും സംഘടിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്നും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ആശുപത്രി രജിസ്ട്രറില്‍ പോലും പേരില്ലാത്ത വിദ്യാര്‍ത്ഥികളെ ആശുപത്രി സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കളകടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്സിങ് അസോസിയേഷനുകളും അറിയിച്ചിട്ടുണ്ട്.