കണ്ണൂര്‍ സ്‌ക്വാഡ് തരംഗം അവസാനിക്കുന്നില്ല; ഇതുവരെ നേടിയത്
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തിയേറ്ററില്‍ എത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ 19ന് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കേരളത്തില്‍ 655 തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷനില്‍ വലിയ വീഴ്ച വരുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ലിയോ തരംഗത്തിനിടയിലും മികച്ച കളക്ഷനുമായി കണ്ണൂര്‍ സ്‌ക്വാഡ് മുന്നേറുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രം കേരളത്തില്‍ നിന്ന് മാത്രം 40 കോടിയോളം രൂപ കളക്ഷനായി നാലാം ആഴ്ച്ചയില്‍ സ്വന്തമാക്കിയെന്നാണ് സിനിമ ട്രാക്കിങ് പേജുകള്‍ പറയുന്നത്.
കണ്ണൂര്‍ സ്‌ക്വാഡ് ലോകമെമ്പാടും നിന്നായി 80 കോടി കളക്ഷന്‍ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചി മള്‍ട്ടി പ്ലക്‌സില്‍ നിന്നായി ചിത്രം 2 കോടി രൂപയും നേടിയിട്ടുണ്ട്.
പൂജ അവധി മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ കണ്ണൂര്‍ സ്‌ക്വാഡിന് സാധിച്ചു. നിരവധി പേരാണ് ചിത്രം പൂജ അവധിയില്‍ കണ്ടത്.
തമിഴ്‌നാട്ടിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷനാണ് കണ്ണൂര്‍ സ്‌ക്വാഡ് നേടിയത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
Content Highlight: Kannur squad movie latest collection update