കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക്
Kerala
കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2012, 12:45 am

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക്.  വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ നാല് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരം നടത്തുന്നത്.

കഴിഞ്ഞ ദിവസം എ.ഡി.എമ്മിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.  ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നഴ്‌സുമാര്‍.[]

ഒക്ടോബര്‍ 22 മുതലാണ് നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ഓപ്പറേഷന്‍ തിയേറ്റര്‍ പോലുള്ള അത്യാവശ്യ സ്ഥലങ്ങളില്‍ നഴ്‌സുമാരുടെ സേവനം ലഭ്യമാണ്.

ധനലക്ഷ്മി, കൊയിലി, ആശിര്‍വാദ്, ലൂര്‍ദ് എന്നിവിടങ്ങളിലെ നഴ്‌സുമാരാണ് സമരം നടക്കുന്നത്.

ഡോക്ടര്‍ ബലരാമന്‍ കമ്മിറ്റി നിര്‍ദേശപ്രകാരം ശമ്പളം പരിഷ്‌കരിക്കുക, 3 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക, പ്രവൃത്തി പരിചയം പരിഗണിച്ച് വര്‍ഷം പത്ത് ശതമാനം ശമ്പളം വര്‍ധിപ്പിക്കുക എന്നിവയാണ് നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരമുറയുമായി നഴ്‌സുമാര്‍ രംഗത്തിറങ്ങിയത്.

ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് തവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലുംപരാജയപ്പെടുകായായിരുന്നു.

സമരത്തിന് സി.പി.ഐ.എമ്മും ബി.ജെ.പിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.