ചെന്നൈ: തമിഴ്‌നാട്ടിലെ പ്രകൃതി ചികിത്സാ, യോഗ ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തു പോവാന്‍ ആവശ്യപ്പെട്ട ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവും ലോക്‌സഭ മെമ്പറുമായ കനിമൊഴി.
‘ മന്ത്രാലയത്തിന്റെ പരിശീലന വേളയില്‍ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരോട് പുറത്തു പോവാന്‍ ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് വൈദ്യ മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ പ്രസ്താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യാപ്തി എത്രയെന്ന് പറയുന്നു. ഇത് അങ്ങേയറ്റം അപലനീയമാണ്,’
‘ സര്‍ക്കാര്‍ ഈ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണം. ഒപ്പം അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും വേണം. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണം?’ കനിമൊഴി ട്വീറ്റ് ചെയ്തു.
കനിമൊഴിക്കൊപ്പം കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരവും സംഭവത്തെ അപലപിച്ചു.
‘ ഇംഗ്ലീഷ് ഭാഷ അറിയാത്തത് മനസ്സിലാക്കാന്‍ പറ്റും. പക്ഷെ ഹിന്ദി അറിയാത്തവര്‍ പുറത്തു പോവണമെന്നും ഹിന്ദി സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഈ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാനാവില്ല,’ കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
തമിഴ്നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരാണ് ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവരെ ഉള്‍പ്പെടുത്തി നടത്തിയ വെബ്ബിനാറില്‍ വെച്ച് ഹിന്ദി അറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.
ആഗസ്ത് 18 മുതല്‍ 20 വരെയായിരുന്നു ത്രിദിന സെമിനാര്‍. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത വെബിനാറില്‍ 37 പേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. വെബ്ബിനാറിലെ മിക്കമാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറയുന്നു.
മൂന്നാമത്തെ ദിവസമായിരുന്നു ആയുഷ് സെക്രട്ടറിയുടെ പ്രഭാഷണം. അദ്ദേഹവും ഹിന്ദിയിലാണ് സംസാരിച്ചത്. തുടര്‍ന്ന് ഹിന്ദി മനസ്സിലാകുന്നില്ല, ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു.
എന്നാല്‍ താന്‍ ഹിന്ദിയിലേ സംസാരിക്കൂ എന്നും താത്പര്യമില്ലാത്തവര്‍ക്ക് വെബ്ബിനാറില്‍ നിന്ന് പുറത്തുപോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. പിന്നീട് തനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും ആയുഷ് സെക്രട്ടറി പറഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു.
ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് തനിക്കെതിരെയുണ്ടായ ദുരനുഭവം ഡി.എം.കെ എം.പി കനിമൊഴി നേരത്തെ രംഗത്തെത്തിയിരുന്നു.തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക