national news
മോദി രാജ്യത്തിന്റെ മഹാപുരുഷന്‍; ജനം ആഗ്രഹിച്ചാല്‍ ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: കങ്കണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 29, 03:34 pm
Saturday, 29th October 2022, 9:04 pm

മുംബൈ: 2024 ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ടെന്ന് ബോളിവുഡ് നടിയും സംഘപരിവാര്‍ അനുഭാവിയുമായ കങ്കണ റണാവത്ത്. ബി.ജെ.പി ടിക്കറ്റ് നല്‍കുകയും ജനം ആഗ്രഹിക്കുകയും ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. ദേശീയ മാധ്യമമായ ആജ് തക് ചാനലിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

‘ഹിമാചല്‍ പ്രദേശിലെ ആളുകള്‍ അവരെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. ആം ആദ്മി പാര്‍ട്ടിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ജനം വീഴില്ല.

ഹിമാചല്‍ ജനതക്ക് സ്വന്തമായി സോളാര്‍ പവര്‍ പ്ലാന്റുണ്ട്. ഇതിന് പുറമേ പച്ചക്കറികള്‍ സ്വയം കൃഷിചെയ്തുണ്ടാക്കുന്നവരാണ് ഇവിടെയുള്ളവര്‍. അതുകൊണ്ട് ആം ആദ്മിയുടെ തന്ത്രങ്ങള്‍ വിലപ്പോവില്ല,’ കങ്കണ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കങ്കണ പരിപാടിയില്‍ പുകഴ്ത്തി. 2024ല്‍ മോദിയും രാഹുല്‍ ഗാന്ധിയുമായിരിക്കും മത്സരം. എന്നാല്‍ ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ല. നരേന്ദ്ര മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും കങ്കണ റണാവത്ത് പറഞ്ഞു.