മുംബൈ: കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനുവാക്കി തന്നെ ചിത്രീകരിച്ച കങ്കണയ്‌ക്കെതിരെ വിമര്‍ശനവുമായി മൊഹീന്ദര്‍ കൗര്‍ എന്ന വയോധിക.
തന്നെ കുറിച്ച് കങ്കണയ്ക്ക് ഒന്നും അറിയില്ലെന്നും തന്റെ വീടോ ഈ പ്രായത്തിലും താന്‍ എന്താണ് ചെയ്യുന്നതെന്നോ അവര്‍ കണ്ടിട്ടില്ലെന്നും മൊഹീന്ദര്‍ കൗര്‍ പറഞ്ഞു.
‘എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ ഒരിക്കലും എന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല, ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് കണ്ടിട്ടില്ല, 100 രൂപ കൊടുത്താല്‍ എന്നെ കിട്ടുമെന്ന് അവര്‍ പറഞ്ഞതായി അറിഞ്ഞു. ഇത് വലിയ തെറ്റായിട്ടുള്ള കാര്യമാണ്. ഈ 100 രൂപകൊണ്ട് ഞാന്‍ എന്തുചെയ്യുന്നുവെന്നാണ്.
എനിക്ക് മൂന്ന് പെണ്‍മക്കളുണ്ട്, എല്ലാവരും വിവാഹിതരാണ്. എന്റെ മകനും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ഇപ്പോഴും അരിവാള്‍ ഉപയോഗിച്ച് വിളവെടുക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴും പരുത്തികൃഷി ചെയ്യുന്നുണ്ട്.
ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടി പച്ചക്കറികള്‍ ഉണ്ടാക്കുന്നുണ്ട്. അത് പരിപാലിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും ദല്‍ഹിയിലേക്ക് പോകാന്‍ കഴിയും. അതിനുള്ള ഉത്സാഹവും എനിക്കുണ്ട്. കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ആ സമരത്തില്‍ സജീവമായി തന്നെ ഞാനുണ്ടാകും’, മൊഹീന്ദര്‍ കൗര്‍ പറഞ്ഞു.
വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നുപറഞ്ഞായിരുന്നു കങ്കണയുടെ അധിക്ഷേപം. എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധം ഉയരുകയും വ്യാജ പോസ്റ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെ കങ്കണ പോസ്റ്റ് മുക്കി.
ഷഹീന്‍ബാഗ് സമരത്തിലിരിക്കുന്ന ബില്‍ക്കീസിന്റെ ചിത്രവും റോഡിലൂടെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന തരത്തിലുള്ള വ്യാജ ചിത്രവും ഉള്‍പ്പെടെയായിരുന്നു കങ്കണയുടെ ട്വീറ്റ്.
ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയില്‍ ഷഹീന്‍ ബാഗ് സമരനായികയായ ബില്‍ക്കീസ് ഇടംപിടിച്ചിരുന്നു. 2019ല്‍ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് പട്ടികയിലേക്ക് തെരഞ്ഞെടുത്തത്.
82 കാരിയായ ബില്‍ക്കീസ് പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ ആരംഭിച്ച വനിതാ പ്രതിഷേധകൂട്ടായ്മയിലെ മുന്‍നിരയിലുണ്ടായിരുന്നു. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ബില്‍ക്കീസ് ധീരമായ സമര നിലപാടുകളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്താന്‍ വേണ്ടിയാണ് താന്‍ സമരത്തിനിറങ്ങിയതെന്ന് ബില്‍കീസ് പറഞ്ഞിരുന്നു.
2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരായി ബി.ബി.സി തെരഞ്ഞെടുത്ത നൂറ് വനിതകളുടെ ലിസ്റ്റിലും ബില്‍ക്കീസ് ഇടംപിടിച്ചിരുന്നു. ‘അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം’ എന്നാണ് ബി.ബി.സി ബില്‍ക്കിസിനെ വിശേഷിപ്പിച്ചത്. ഒരു കയ്യില്‍ പ്രാര്‍ത്ഥനാമാലകളും മറുകയ്യില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബില്‍ക്കീസ് ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്നാണ് നേരത്തെ ടൈംസ് ലേഖനം പറഞ്ഞിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക