മലയാളത്തിൽ ഒരുപാട് മികച്ച ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഇന്നും ആളുകൾ ഏറ്റുപാടുന്ന നിരവധി ഗാനങ്ങൾ പിറവിയെടുത്തത് ഗിരീഷിൽ നിന്നാണ്.
സംവിധായകൻ കമൽ, ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ച് സംസാരിക്കുകയാണ്. കമലിന്റെ സിനിമകളിൽ തുടക്കകാലത്ത് സ്ഥിരമായി ഗാനങ്ങൾ എഴുതിയിരുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു.
ഒരിക്കൽ ഗിരീഷ് തന്നോട് വളരെ ഇമോഷണലായി, നിങ്ങൾക്കൊന്നും എന്റെ വരികൾ പിടിക്കില്ലെന്ന് പറഞ്ഞെന്ന് കമൽ പറയുന്നു. ആദ്യം താനത് തമാശയായി എടുത്തെന്നും പിന്നീട് കുറ്റബോധം തോന്നിയെന്നും തന്റെ അടുത്ത ചിത്രമായ ഈ പുഴയും കടന്ന് എന്ന സിനിമയിലേക്ക് ഗിരീഷിനെ വിളിച്ചെന്നും കമൽ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം ഗിരീഷ് കുറച്ച് ഇമോഷണലായിട്ട് മഹാറാണി ഹോട്ടലിൽ വെച്ച് എന്നോട് പറഞ്ഞു, നിങ്ങൾക്കൊന്നും എന്റെ വരികൾ പിടിക്കുകയുണ്ടാവില്ല. നിങ്ങളൊക്കെ വലിയ കവികളെ മാത്രമേ വിളിക്കുകയുള്ളൂ. വളരെ വിഷമത്തോടെയാണ് ഗിരീഷ് പറയുന്നത്.
മലയാള സിനിമയിൽ ആകെ രണ്ട് സംവിധായകരെ എന്നെ പാട്ടെഴുതാൻ വിളിക്കാത്തതുള്ളൂ. ഒന്ന് ഭരതനാണ്. ഒന്ന് ഭരതന്റെ ശിഷ്യനായ നിങ്ങളാണ്. ഞാൻ പറഞ്ഞു അതെനിക്ക് ബഹുമതിയാണ്. ഭരതനല്ലേ വിളിക്കാത്ത വ്യക്തി. അങ്ങനെ ഞാൻ ആ കാര്യം വളരെ തമാശയാക്കി വിട്ടു.
പക്ഷെ ഞാൻ പിന്നീട് എന്റെ റൂമിലേക്ക് പോയപ്പോൾ എനിക്ക് വലിയ കുറ്റബോധം തോന്നി. ശരിയാണല്ലോ ഗിരീഷ് എന്റെ അടുത്ത സുഹൃത്തായിട്ട് പോലും ഞാൻ പാട്ടെഴുതാൻ വിളിച്ചിട്ടില്ലല്ലോ. ഞാനത് രഞ്ജിത്തിനോടും പറഞ്ഞു.
രഞ്ജിത്ത് പറഞ്ഞു, അത് നിങ്ങളുടെ പ്രശ്നമാണ്, ഈ വിഷമം ഗിരീഷ് എപ്പോഴും എന്നോട് പറയുമായിരുന്നു. അങ്ങനെയാണ് എന്റെ അടുത്ത സിനിമയായ ഈ പുഴയും കടന്ന് എന്ന ചിത്രത്തിലേക്ക് ഗിരീഷ് എത്തുന്നത്. അതുവരെ കൈതപ്രം ആയിരുന്നു എന്റെ സിനിമകളിൽ പാട്ടുകൾ എഴുതിയിരുന്നത്,’കമൽ പറയുന്നു.
Content Highlight: Kamal Talk About Gireesh Puthanjeri