മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രമായിരുന്നു അഴകിയ രാവണൻ. ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം കാലങ്ങൾക്കിപ്പുറം ഇന്നും മലയാളികൾ റിപ്പീറ്റടിച്ച് കാണാറുണ്ട്.
ഇറങ്ങിയ സമയത്ത് ബോക്സ് ഓഫീസിൽ പരാജയം നേരിട്ട ചിത്രമായിരുന്നു അഴകിയ രാവണൻ. ചിത്രത്തിലേക്ക് മമ്മൂട്ടിയെത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ കമൽ.
ചിത്രത്തിന്റെ കഥ നിർമാതാവിനോട് പറഞ്ഞപ്പോൾ മോഹൻലാൽ ചെയ്യേണ്ട വേഷമല്ലേയെന്നാണ് അദ്ദേഹം ചോദിച്ചതെന്നും മമ്മൂട്ടിയെ വിളിച്ച് സംസാരിച്ചത് ശ്രീനിവാസൻ ആണെന്നും കമൽ പറയുന്നു. തന്നെ കളിയാക്കാനാണോ നിങ്ങളുടെ ഉദ്ദേശമെന്ന് മമ്മൂട്ടി ചോദിച്ചെന്നും റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.
‘മഴയത്തും മുമ്പേ കഴിഞ്ഞതിന് ശേഷം തീരുമാനിച്ച ചിത്രമായിരുന്നു അഴകിയ രാവണൻ. ശ്രീനിവാസൻ, ഞാൻ, മമ്മൂട്ടി ഈ കോമ്പിനേഷനിലാണ് ആ സിനിമയും ആരംഭിക്കുന്നത്. ഇങ്ങനെയൊരു കഥ വന്ന കഴിഞ്ഞപ്പോൾ ആദ്യം ഞങ്ങൾ നിർമാതാവിനോട് പറഞ്ഞു.
കഥ കേട്ടപ്പോൾ അദ്ദേഹം, ഇത് മമ്മൂട്ടി ചെയ്താൽ കുഴപ്പമാവില്ലേ, ചീത്ത വിളിക്കില്ലേയെന്ന് ചോദിച്ചു. ഇത് മോഹൻലാൽ ചെയ്യേണ്ട കഥാപാത്രമല്ലേയെന്ന് ചോദിച്ചു. നമുക്ക് പറഞ്ഞ് നോക്കാമെന്ന് പറഞ്ഞ് ശ്രീനിവാസൻ മമ്മൂട്ടിയെ ഫോൺ ചെയ്തു.
ഇങ്ങനെയൊരു കഥാപാത്രമാണ്. വേദനിക്കുന്ന കോടീശ്വരനാണ് കഥാപാത്രമെന്ന് ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടി കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഞാൻ അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ഞങ്ങൾ കരുതി, ഇനി വിളിക്കാൻ പോവുന്നില്ലായെന്ന്.
കുറച്ച് കഴിഞ്ഞ് മമ്മൂക്ക തിരിച്ച് വിളിച്ചിട്ട് ചോദിച്ചു, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നെ കളിയാക്കാനാണോ എന്നായിരുന്നു. പിന്നീട് ഒടുവിൽ ആ കഥാപാത്രം മമ്മൂക്ക തന്നെ അവതരിപ്പിച്ചു,’കമൽ പറയുന്നു.
Content Highlight: Kamal Talk About Azakiya Ravanan Movie Casting