മമ്മൂട്ടിയാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ അവര്‍ രാപ്പകലില്‍ അഭിനയിക്കാന്‍ വന്നു: കമല്‍
Entertainment
മമ്മൂട്ടിയാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ അവര്‍ രാപ്പകലില്‍ അഭിനയിക്കാന്‍ വന്നു: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th June 2024, 2:01 pm

മമ്മൂട്ടി- കമല്‍ കൂട്ടുകെട്ടില്‍ 2005ല്‍ പുറത്തിറങ്ങിയ സിനിമയാണ് രാപ്പകല്‍. ടി.എ റസാഖിന്റെ തിരക്കഥയില്‍ പിറന്ന രാപ്പകല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. തന്റെ കരിയറില്‍ ഏറ്റവും എന്‍ജോയ് ചെയ്തുകൊണ്ട് സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകലെന്ന് കമല്‍ പറഞ്ഞു. വളരെ കുറച്ച് ലൊക്കേഷനുകള്‍ മാത്രമുള്ളതിനാല്‍ അത്രയും ആര്‍ട്ടിസ്റ്റിനെ വെച്ച് സിനിമ ചെയ്യാന്‍ എളുപ്പമായിരുന്നെന്നും കമല്‍ പറഞ്ഞു.

ചിത്രത്തിലെ അമ്മയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ഷീലയെ ആയിരുന്നെന്നും എന്നാല്‍ മനസിനക്കരെയിലെ കഥാപാത്രത്തോട് സാമ്യമുള്ളതിനാല്‍ ആ തീരുമാനം ഉപേക്ഷിച്ചെന്നും കമല്‍ പറഞ്ഞു. പിന്നീടാണ് ശാരദയിലേക്ക് എത്തിയതെന്നും കഥ പറയാന്‍ ചെന്നപ്പോള്‍ മമ്മൂട്ടിയുടെ സിനിമയാണെന്ന് ആദ്യമേ ശാരദയോട് പറഞ്ഞെന്നും കമല്‍ പറഞ്ഞു.

മമ്മൂട്ടിയാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ശാരദ ഈ സിനിമ ചെയ്യാമെന്ന പറഞ്ഞെന്നും കമല്‍ പറഞ്ഞു. കൗമുദി വൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള താത്പര്യം കൊണ്ടു മാത്രമാണ് ശാരദ ഈ സിനിമ ചെയ്തതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

‘മഞ്ഞുപോലൊരു പെണ്‍കുട്ടിക്ക് ശേഷം ഞാന്‍ ചെയ്ത സിനിമയായിരുന്നു രാപ്പകല്‍. എന്റെ കരിയറില്‍ ഞാന്‍ ഏറ്റവുമധികം എന്‍ജോയ് ചെയ്തത് രാപ്പകല്‍ സംവിധാനം ചെയ്തപ്പോഴാണ്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും വളരെ കുറച്ച് മാത്രം ലൊക്കേഷനുള്ളതുകൊണ്ട് രാപ്പകലിന്റെ ഷൂട്ട് വളരെ രസകരമായിരുന്നു.

ഈ സിനിമയില്‍ അമ്മയുടെ കഥാപാത്രത്തിലേക്ക് ആദ്യം വിചാരിച്ചത് ഷീലയെയായിരുന്നു. പക്ഷേ മനസിനക്കരെയില്‍ ഏറെക്കുറെ അതുപോലൊരു കഥാപാത്രം ചെയ്തതുകൊണ്ട് ഷീല വേണ്ട എന്ന് തീരുമാനിച്ചു. പിന്നെ ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍ ശാരദയായിരുന്നു. അവര്‍ ആ സമയത്ത് ആന്ധ്രയിലെ എം.പിയായിരുന്നു.

കഥ പറയാന്‍ വേണ്ടി ശാരദയുടെ അടുത്തെത്തിയപ്പോള്‍ അവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. പാര്‍ലമെന്റില്‍ പോണം, അതുമാത്രമല്ല, ആന്ധ്രയിലെ വനിതാകമ്മീഷന്റെ എന്തോ ചുമതലയും അവര്‍ക്കുണ്ട് എന്നൊക്കെ പറഞ്ഞു. മമ്മൂട്ടിയുടെ അമ്മയുടെ കഥാപാത്രമാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ സമ്മതിച്ചത്. കഥയൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ശാരദ ഓക്കെ പറഞ്ഞു.

മലയാളത്തില്‍ സത്യന്‍, പ്രേം നസീര്‍, മധു അതുപോലെ തമിഴില്‍ ശിവാജി ഗണേശന്‍, തെലുങ്കില്‍ എന്‍.ടി.ആര്‍ പോലുള്ള സീനിയര്‍ നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന് ശേഷമുള്ള ജനറേഷനിലെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ വളരെ ആഗ്രഹമുള്ളതുകൊണ്ടാണ് ശാരദ രാപ്പകലില്‍ അഭിനയിക്കാമെന്ന് പറഞ്ഞത്,’ കമല്‍ പറഞ്ഞു.

Content Highlight: Kamal shares the shooting experience of Rappakal movie