Daily News
ദേശീയ അവാര്‍ഡ് ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേള; പാസ് വീട്ടില്‍ കൊണ്ടു പോയി കൊടുക്കാന്‍ പറ്റില്ല; സുരഭിയ്ക്ക് മറുപടിയുമായി കമല്‍
എഡിറ്റര്‍
2017 Dec 10, 03:32 am
Sunday, 10th December 2017, 9:02 am

തിരുവന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ പാസ് ലഭിച്ചില്ലെന്ന് പറഞ്ഞ് ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി രംഗത്ത്് വന്ന സംഭവത്തില്‍ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയ കമല്‍. സുരഭിക്കായി പാസ് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നും അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പുരസ്‌കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്രമേളയെന്നും, മുമ്പ് ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സലീം കുമാറിനെയോ സുരാജ് വെഞ്ഞാറമൂടിനെയോ മേളയില്‍ പ്രത്യേകസ്ഥാനം നല്‍കി ആദരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമില്ല, പത്മാവതിയെ ഓര്‍ത്ത് അഭിമാനിക്കുന്ന രജപുത്ര രാജകുമാരിയെ എനിക്കറിയാം; ഐ.എഫ്.എഫ്.കെയില്‍ ശശി തരൂര്‍


ഉദ്ഘാടനത്തിനായി എത്തിയ നടി ഷീലയും രജിഷയും പ്രത്യേക ക്ഷണപ്രകാരമല്ല എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മത്സരവിഭാഗത്തില്‍ ആണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തെ പരിഗണിച്ചിരുന്നത് മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ റൂള്‍സ് ഇല്ലാത്തതിനാലാണ് ചിത്രം മേളയില്‍ ഇല്ലാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപ്പത്തിരണ്ടാമത് ചലച്ചിത്ര മേളയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തന്നെ അവഗണിച്ചെന്നും തന്റെ ചിത്രത്തെ പ്രദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയെന്നും സുരഭി ആരോപിച്ചിരുന്നു. മാത്രമല്ല മേളക്ക് പാസ് ലഭിക്കാത്ത തനിക്ക് പാസ് നല്‍കാമെന്ന് കമല്‍ പറഞ്ഞെങ്കിലും പിന്നീട് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന്് അവര്‍ ആരോപിച്ചിരുന്നു.