ഭോപ്പാല്‍: താരപ്രചാരക സ്ഥാനത്ത് നിന്ന് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്.
ഒരാളെ താരപ്രചാരകനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നും പാര്‍ട്ടി തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാന്‍ കഴിയില്ലെന്നും കമല്‍നാഥ് കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താരപ്രചാരകന്‍ എന്നത് ഒരു പദവിയോ തസ്തികയോ അല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനോടുള്ള കമല്‍നാഥിന്റെ ആദ്യ പ്രതികരണം.
താരപ്രചാരകന്‍ എന്നത് ഒരു പദവിയോ തസ്തികയോ അല്ല. എനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഒന്നും പറയാനില്ല. നവംബര്‍ പത്തിന് ശേഷമേ ഇനി പ്രതികരിക്കുന്നുള്ളുവെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് കമല്‍നാഥിനെ കോണ്‍ഗ്രസിന്റെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കിയത്. 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിനെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കിയത്.
നേരത്തെ കമല്‍നാഥ് നടത്തിയ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ കമല്‍നാഥിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് കമല്‍ നാഥിനെ താരപ്രചാരക സ്ഥാനത്ത് നിന്ന് നീക്കുന്നതായി കമ്മീഷന്‍ അറിയിച്ചത്.
ബി.ജെ.പി നേതാവ് ഇമാര്‍ത്തി ദേവിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലായിരുന്നു കമ്മീഷന്‍ കമല്‍നാഥിനോട് വിശദീകരണം തേടിയത്.
കമല്‍നാഥ് ഇനി ഏതെങ്കിലുമൊരു പ്രചാരണ പരിപാടി സംഘടിപ്പിച്ചാല്‍ അതിന്റെ ചെലവ് പ്രചാരണം സംഘടിപ്പിക്കുന്ന നിയമസഭയിലെ സ്ഥാനാര്‍ത്ഥി വഹിക്കേണ്ടി വരുമെന്നായിരുന്നു കമ്മീഷന്‍ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക