പല തരത്തിലുള്ള വില്ലന്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ആദ്യമായിട്ടാണ്, അതിന്റെ എക്‌സൈറ്റ്‌മെന്റ് നല്ല വണ്ണമുണ്ട്: കമല്‍ ഹാസന്‍
Entertainment
പല തരത്തിലുള്ള വില്ലന്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ആദ്യമായിട്ടാണ്, അതിന്റെ എക്‌സൈറ്റ്‌മെന്റ് നല്ല വണ്ണമുണ്ട്: കമല്‍ ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th June 2024, 9:32 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898വരെ നീണ്ടു നില്‍ക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, ദീപികാ പദുകോണ്‍, ദിശാ പഠാനി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഉലകനായകന്‍ കമല്‍ ഹസന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്.

ഒരുപാട് കാലത്തിന് ശേഷമാണ് കമല്‍ ഹാസന്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ദശാവതാരത്തിലാണ് താരം അവസാനമായി വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പത്ത് വ്യത്യസ്ത വേഷത്തിലെത്തിയ ചിത്രത്തില്‍ ക്രിസ്റ്റ്യന്‍ ഫ്‌ളച്ചര്‍ എന്ന കഥാപാത്രമായിരുന്നു വില്ലന്‍. ഇത്രയും കാലത്തിന് ശേഷം വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് കമല്‍ ഹാസന്‍.

പല തരത്തിലുള്ള വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ സിനിമയിലെ വില്ലന്‍ കുറച്ചധികം പ്രത്യേകതയുള്ളതാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ഇതിന് മുമ്പ് ചെയ്തിട്ടുള്ളതെല്ലാം ലീഡ് റോളിലുള്ള വില്ലനും, ഇടക്ക് കയറി വരുന്ന വില്ലനുമൊക്കെയാണെന്നും ഈ സിനിമയില്‍ ആദ്യവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും കുറച്ച് സീനില്‍ മാത്രമേ ഈ കഥാപാത്രത്തെ കാണിക്കുന്നുള്ളൂവെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ തെരഞ്ഞടുക്കാനുള്ള കാരണം, ഇതിന് മുമ്പ് ഞാന്‍ ചെയ്ത വില്ലന്‍ വേഷങ്ങളില്‍ നിന്ന് ഈ സിനിമയിലെ യാഷ്‌കിന്‍ കുറച്ച് വ്യത്യസ്തമാണ്. പണ്ടുമുതലേ ഇഷ്ടം പോലെ വില്ലന്‍ കഥാപാത്രങ്ങളെ ഞാന്‍ ചെയ്തിട്ടുണ്ട്. നായകനെ എതിര്‍ക്കുന്ന വില്ലന്‍, ലീഡ് റോളില്‍ എത്തുന്ന വില്ലന്‍, ഇരട്ട വേഷത്തില്‍ ഒരു വില്ലന്‍ വേഷം അങ്ങനെ പലതും.

ഈ സിനിമയിലേക്ക് എത്തുമ്പോള്‍, ഇതിലെ യാഷ്‌കിന്‍ ആദ്യാവസാനം കഥയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. പക്ഷേ എവിടെയും കാണിക്കുന്നില്ല. എറ്റവുമൊടുവിലേക്കെത്തുമ്പോഴാണ് യാഷ്‌കിനെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുക. പക്ഷേ സിനിമയില്‍ മുഴുവന്‍ ആ കഥാപാത്രത്തിന്റെ ഇംപാക്ട് ഉണ്ടാകും. എന്നെ ഏറ്റവുമധികം എക്‌സൈറ്റ് ചെയ്യിച്ച ഫാക്ടര്‍ അതാണ്,’ കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlight: Kamal Hassan explains why he chose the negative role in Kalki 2898 AD