national news
ജനങ്ങളുടെ ജീവിതം വെച്ച് കളിക്കാന്‍ ബി.ജെ.പി മുതിര്‍ന്നെങ്കില്‍, അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങള്‍ തീരുമാനിക്കും: കമല്‍ ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 23, 12:41 pm
Friday, 23rd October 2020, 6:11 pm

ചെന്നൈ: ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ എല്ലാ ആളുകള്‍ക്കും കൊവിഡ് വാക്‌സില്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെയാണ് കമല്‍ ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

സമാനമായ വാഗ്ദാനം നടത്തിയ എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരേയും കമല്‍ ഹാസന്‍ വിമര്‍ശനം ഉന്നയിച്ചു. കണ്ടുപിടിച്ചിട്ടുപോലുമില്ലാത്ത വാക്‌സിന്റെ പേരിലാണ് ബി.ജെ.പി ദുഷിച്ച വാഗ്ദാനം നല്‍കിയിരിക്കുന്നതെന്ന അദ്ദേഹം പറഞ്ഞു.

ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നെങ്കില്‍, നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങള്‍ തീരുമാനിക്കും, കമല്‍ ഹാസന്‍ പറഞ്ഞു.

കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപി. കൊവിഡിനൊപ്പം ബി.ജെ.പിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞത്.

ബി.ജെ.പിക്കെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസ് വാക്‌സിന്‍ രാജ്യത്തിന്റേതാണ്, ബി.ജെ.പിയുടേതല്ല എന്നാണ് ആര്‍.ജെ.ഡിയുടെ പ്രതികരണം.

രോഗവും മരണവും ഉണ്ടാക്കുന്ന ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് വാക്‌സിനില്‍ രാഷ്ട്രീയം കളിച്ചതോടെ മനസ്സിലായെന്നും ആര്‍.ജെ.ഡി പറഞ്ഞു. ബീഹാറിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും കുട്ടികളുടെ ഭാവി പണയം വെയ്ക്കരുതെന്നും രാഷ്ട്രീയ ജനതാദള്‍ ട്വീറ്റ് ചെയ്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.

അതേസമയം, കൊവിഡ് -19 വാക്‌സിന്‍ വരുന്നതിന് മുന്‍പ് തന്നെ അത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറിയിരിക്കുന്നെന്നും എല്ലാ സംസ്ഥാനങ്ങളോടും ഒരുപോലെ കാണേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്നുമാണ് ശിവസേന ചോദിച്ചത്.

കൊറോണ വൈറസ് വാക്‌സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kamal Haasan On BJP’s  Free Vaccine Promise