യഥാര്‍ത്ഥ പോരാട്ടത്തിന് മുമ്പ് ശക്തി കാണിച്ചുകൊടുക്കാന്‍ തയ്യാറാവാതെ കമല്‍ഹാസനും രജനീകാന്തും; ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും തിരിച്ചടി
national news
യഥാര്‍ത്ഥ പോരാട്ടത്തിന് മുമ്പ് ശക്തി കാണിച്ചുകൊടുക്കാന്‍ തയ്യാറാവാതെ കമല്‍ഹാസനും രജനീകാന്തും; ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 8:14 pm

തമിഴ്‌നാട്ടില്‍ നടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കേണ്ടെന്ന് രജനീകാന്തും തീരുമാനിച്ചു.

രജനീകാന്തുമായി ഒരുമിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. രജനീകാന്ത് കമലിന്റെ അഭിപ്രായത്തെ തള്ളിയിട്ടുമില്ല. തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ സഖ്യം സാധ്യമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സഖ്യത്തോടുള്ള ജനങ്ങളുടെ സമീപനം നേരത്തെ ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ഇരുവരും കരുതുന്നതെന്നാണ് വിവരം.

 

അത് കൊണ്ട് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് തങ്ങളുടെ യഥാര്‍ത്ഥ ശക്തി അറിയിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ നിന്നാണ് വിട്ടുനില്‍ക്കാനുള്ള ഇരുവരുടെയും തീരുമാനം എന്നാണ് കരുതുന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നത്.

തന്റെ പുതിയ ചിത്രം ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചിന് ഇക്കാര്യത്തെ കുറിച്ച് രജനീകാന്ത് സൂചിപ്പിക്കുകയും ചെയ്തു.

സംവിധായകന്‍ ബാലചന്ദ്രന്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും എന്നെ സിനിമയില്‍ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശ്വാസം വൃഥാവിലായില്ല. നിര്‍മ്മാതാക്കള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസവും വൃഥാവിലായില്ല. ഞാന്‍ ആവശ്യപ്പെടുകയാണ്, നിങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കൂ. ആ വിശ്വാസം വെറുതെയാവില്ലെന്ന് ഞാന്‍ ഉറപ്പ് തരികയാണ് എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.