[]”പാപനാശം” ത്തിന്റെ ചിത്രീകരണത്തിനിടെ അപകടം പറ്റിയെന്ന വാര്‍ത്ത തെറ്റാണെന്ന് നടന്‍ കമല്‍ഹാസന്‍. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കമല്‍ പ്രതികരിച്ചു.
“പാനനാശം”ത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ കമല്‍ഹാസന് അപകടം പറ്റിയെന്ന വാര്‍ത്ത വന്നിരുന്നു. ഇത് പെട്ടെന്ന് തന്നെ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കമല്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
സംഘട്ടനം രംഗം ചിത്രീകരിക്കുന്നതിനിടയില്‍ തന്റെ മൂക്കില്‍ ഘടിപ്പിച്ചിരുന്ന റബ്ബര്‍ നീങ്ങിപ്പോയിരുന്നു. ഇത് ആശുപത്രിയില്‍ പോയി നീക്കം ചെയ്തതാണെന്നും തനിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കമല്‍ വ്യക്തമാക്കി.
“ഷൂട്ടിങ്ങിനിടെ എനിക്ക് പരുക്കേറ്റു എന്ന വാര്‍ത്ത ശരിയല്ല. മേക്കപ്പിന് ഉപയോഗിച്ചിരുന്ന റബ്ബര്‍ പ്ലാസ്റ്റിക് എന്റെ മൂക്കിനടുത്തേക്ക് നീങ്ങിയതാണ്. ഇത് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശ്രദ്ധിച്ച് നീക്കം ചെയ്യുകയും ചെയ്തു. ചതഞ്ഞ മുഖവുമായി ആശുപത്രിയില്‍ ചെന്നതാണ് വാര്‍ത്ത പരയ്ക്കാനിടയാക്കിയത്. എനിക്ക് യാതൊരു കുഴപ്പവുമില്ല.” കമല്‍ വ്യക്തമാക്കി.
മലയാള ചിത്രം “ദൃശ്യം”ത്തിന്റെ റീമേക്കാണ് “പാപനാശം”. കന്യാകുമാരിയിലാണ് ഇപ്പോള്‍ ഇതിന്റെ ചിത്രീകരണം നടക്കുന്നത്. നേരത്തെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കമല്‍ഹാസന് ചെറിയ തോതിലുള്ള ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇത് വാര്‍ത്തയായപ്പോഴും കമല്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന വിശദീകരണവുമായി വന്നിരുന്നു.