തലശ്ശേരി: കൊച്ചി ഐ.എഫ്.എഫ്.കെയില്‍ നടന്‍ സലിം കുമാറുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ നോട്ടക്കുറവുണ്ടായതുകൊണ്ട് സംഭവിച്ചതല്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. തലശ്ശേരി ഐ.എഫ്.എഫ്‌കെയുടെ വേദിയില്‍ വെച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ ക്ഷണിക്കാനായി തയ്യാറാക്കിയ ഒരു ലിസ്റ്റില്‍ സലിം കുമാറിന്റെ പേരുണ്ടായിരുന്നെന്ന് കമല്‍ പറഞ്ഞു. ലിസ്റ്റില്‍ പേരില്ലെന്ന് നടന്‍ ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണെന്നും കമല്‍ പറഞ്ഞു.
‘മൂന്നോ നാലോ ആള്‍ക്കാര്‍ പലസ്ഥലത്തുനിന്നായി ലിസ്റ്റുകളുണ്ടാക്കി. ആരോ ഒരാള്‍ തറാക്കിയ ലിസ്റ്റ് ടിനി ടോം കണ്ടപ്പോള്‍ അതില്‍ സലിം കുമാറിന്റെ പേര് ഇല്ലായിരുന്നു. ഈ ലിസ്റ്റ് പ്രകാരമാണ് ‘നിങ്ങളുടെ പേര് ഇതില്‍ ഇല്ലല്ലോ’ എന്ന് ടിനി സലീം കുമാറിനോട് പറയുന്നത്. ടിനി ടോം തമാശയ്ക്ക് പറഞ്ഞതാണ്,’ കമല്‍ പറഞ്ഞു.
ടിനി ടോം പറഞ്ഞത് സലിം കുമാര്‍ തെറ്റിദ്ധരിച്ചതാണെന്നും കമല്‍ പറയുന്നു.
‘സലിം കുമാറിനെ വിളിച്ചപ്പോഴേക്കും അദ്ദേഹം അതിനെ വേറെ രീതിയിലേക്ക് വ്യാഖ്യാനിക്കുകയും മൊത്തത്തില്‍ ഒരു പ്രശ്‌നമായി മാറുകയും ചെയ്തു. അതിനകത്ത് രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് സലിം കുമാര്‍ പറയുമ്പോള്‍ സ്വാഭാവികമായും അതിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ടി വരികയും ചെയ്തു,’ കമല്‍ കൂട്ടിച്ചേര്‍ത്തു. ഇത് അപവാദ പ്രചരണമാണെന്നും കമല്‍ പറഞ്ഞു.
സലിം കുമാറിനെ വിളിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നായിരുന്നു കമല്‍ ആദ്യം പ്രതികരിച്ചത്. സലീം കുമാറിനെ വിളിച്ചിട്ടുണ്ടാകുമെന്നാണ് ഷിബു ചക്രവര്‍ത്തി പറഞ്ഞതെന്നും കമല്‍ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം വിളിച്ച് ചോദിച്ചപ്പോള്‍ പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് മറുപടി ലഭിച്ചതെന്നുമായിരുന്നു സലിം കുമാര്‍ പറഞ്ഞത്. സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്നും സലിം കുമാര്‍ ആറോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക