Advertisement
Entertainment
അന്ന് ഓഡിഷനിൽ സെലക്ടായ ശേഷമാണ് ആ നടൻ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 03:48 am
Thursday, 23rd January 2025, 9:18 am

മലയാളം സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് ബോബന്‍ ആലുംമൂടന്‍. അന്തരിച്ച മലയാള നടന്‍ ആലുംമൂടന്റെ മകനാണ് അദ്ദേഹം.

1999ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ പ്രകാശ് മാത്യു എന്ന കഥാപാത്രത്തിലൂടെയാണ് ബോബന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

നിറത്തിലേക്ക് ബോബന്‍ ആലുംമൂടനെ ഓഡിഷൻ വഴി തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. സെലക്ട് ആയതിനുശേഷമാണ് ബോബൻ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയതെന്നും ഓഡിഷനിൽ വന്നവരിൽ അവസാന മൂന്ന് പേരിൽ ഒരാളായിരുന്നു ബോബനെന്നും കമൽ പറഞ്ഞു. ജോമോൾ അഭിനയിച്ച വർഷ എന്ന കഥാപാത്രത്തെ കുറിച്ചും കോവൈ സരളയുടെ കഥാപാത്രത്തെ കുറിച്ചുമെല്ലാം കമൽ പങ്കുവെച്ചു.

സിനിമയിൽ ‘വേൾഡ് ബാങ്ക്’ എന്നു വിളിപ്പേരുള്ള കഥാപാത്രമാണ് ജോമോൾ. അവരുടെ മുഖത്ത് ഒരു നിഷ്കളങ്കതയുണ്ട്. നടക്കുന്നതിനിടയിൽ എപ്പോഴും അവർ തട്ടിവീഴും കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ, അയ്യോ എനിക്ക് വീഴാൻ അറിയില്ല’ എന്നായിരുന്നു ജോമോളുടെ പരാതി. ‘ഒരാൾ വീഴാതിരിക്കാനല്ലേ പഠിക്കേണ്ടത്. വീഴാൻ വളരെ എളുപ്പമല്ലേ എന്ന് ഞാൻ തമാശ പറഞ്ഞു.

നിറത്തിൽ എടുത്തുപറയേണ്ട മറ്റൊരാൾ ബോബൻ ആലുംമുടനാണ്. ഓഡിഷനിൽ വന്ന അവസാനത്തെ മുന്നുപേരിൽ ഒരാളായിരുന്നു ബോബൻ. പക്ഷേ, സെലക്ട് ചെയ്യും വരെ ബോബൻ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. പിന്നീടാണ് ബോബൻ പറയുന്നത് താൻ ആലുംമൂടൻ ചേട്ടന്റെ മകനാണെന്ന്.

നിറത്തിൽ അഭിനയിച്ച പ്രധാനപ്പെട്ട രണ്ടുപേരായിരുന്നു കോവൈ സരളയും ബാബുസ്വാമിയും. കോവൈ സരളയ്ക്ക് അന്നും നല്ല തിരക്കാണ്. ഒരു സിനിമയ്ക്ക് അഞ്ചു ദിവസത്തിൽ കൂടുതൽ ഡേറ്റ് കൊടുക്കില്ല. ഞാൻ വിളിച്ചപ്പോഴും ആദ്യം തന്നെ അക്കാര്യം അവർ പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ടു ഷൂട്ടിങ് തീർക്കുന്ന പ്രയാസത്തെക്കുറിച്ചു വളരെ പ്രയാസപ്പെട്ട് തമിഴിൽ അവരോട് സംസാരിക്കുകയാണ്. എൻ്റെ തമിഴിന്റെ ഭംഗി കണ്ടിട്ടാകണം അവർ ഇങ്ങോട്ടു പറഞ്ഞു. ‘സാർ ഇത്രയും ബുദ്ധിമുട്ടി തമിഴിൽ സംസാരിക്കേണ്ട. എനിക്ക് മലയാളം നന്നായി അറിയാം. ഞാൻ ഒരു മലയാളിയാണ് എന്ന്,’ കമൽ പറയുന്നു.

 

Content Highlight: kamal About Boban Alamoodan’s Casting In Niram