ബാലതാരമായി സിനിമയിലേക്കെത്തി രണ്ടാമത്തെ സിനിമയില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് കാളിദാസ് ജയറാം. ആദ്യത്തെ രണ്ട് സിനിമക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ നല്‍കിയ താരം 2018ല്‍ റിലീസായ മീന്‍ കുഴമ്പും മണ്‍പാനൈയും എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചെത്തി. അതേ വര്‍ഷം തന്നെ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലും നായകനായി അരങ്ങേറി. 2021ല്‍ പാവക്കഥൈകള്‍ എന്ന ആന്തോളജി സീരീസിലെ തങ്കം എന്ന സെഗ്മെന്റിലെ പ്രകടനം മികച്ച പ്രശംസ നേടിക്കൊടുത്തു.
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പോര്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. കൈതി എന്ന സിനിമയിലൂടെ പരിചിതനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോണ്ടിച്ചേരിയിലെ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥയാണ് സിനിമ പറയുന്നത്. ദുല്‍ഖര്‍ നായകനായ സോളോ എന്ന ആന്തോളജി ചിത്രത്തിന് ശേഷം ബിജോയ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് പോര്‍. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ആദ്യ ദിവസം സെറ്റിലെത്തിയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ചു.
‘സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്തപ്പോള്‍ ബിജോയ് എന്നോട് പറഞ്ഞത് ഇതില്‍ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷമാണെന്നാണ്. ഇപ്പോള്‍ കാണുന്നതിനെക്കാള്‍ 15 കിലോ കൂടുതലായിരുന്നു എനിക്കപ്പോള്‍. മുഖം മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ള ഫോട്ടോസ് മാത്രമേ ആ സമയത്ത് ഞാന്‍ ബിജോയ്ക്ക് അയച്ചുകൊടുത്തിരുന്നുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്ന സമയത്തും ബോഡി അധികം കാണാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അങ്ങനെ ഷൂട്ടിന്റെ സമയത്ത് ഞാന്‍ ലൊക്കേഷനിലെത്തി.
ആദ്യത്തെ ദിവസം എന്നെ കണ്ട് ബിജോയ് ഞെട്ടി. ഇത്രയും വെയ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ആ കഥാപാത്രം കടന്നുപോകുന്ന സാഹചര്യങ്ങള്‍ക്കും അതിലെ ഫൈറ്റ് സീക്വന്‍സുകള്‍ക്കും ഇത്രയും വെയ്റ്റ് ആവശ്യമായിട്ട് വരുമെന്ന് ബിജോയ്ക്ക് പിന്നീട് തോന്നി. അതുകൊണ്ട് എന്നോട് വെയ്റ്റ് കുറക്കണ്ട എന്ന് പറഞ്ഞു. അതിന് ശേഷമാണ് ഞാന്‍ വര്‍ക്കൗട്ട് ആരംഭിച്ച് ഭാരം കുറച്ചത്,’ കാളിദാസ് പറഞ്ഞു.
Content Highlight: Kalidas Jayaram explains the shooting experience of Por movie