Kerala News
കളമശ്ശേരി സ്‌ഫോടന കേസ്; പ്രതിയുടെ വിദേശബന്ധത്തില്‍ ഇന്റര്‍ പോളിന്റെ സഹായത്താല്‍ തുടരന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 11, 03:03 am
Tuesday, 11th February 2025, 8:33 am

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധം അന്വേഷിക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

നേരെത്തെ, സ്‌ഫോടന വസ്തുക്കള്‍ തയാറാക്കിയതിന്റെ ദൃശ്യങ്ങള്‍ ഡൊമിനിക് ഒരു വിദേശ നമ്പറിലേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വിദേശ നമ്പര്‍ ദുബായിലുള്ള സുഹൃത്തിന്റേതാണെന്ന് ഡൊമിനിക് മൊഴിയും നല്‍കിയിരുന്നു.

എന്നാല്‍ നമ്പറിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിയുടെ വിദേശബന്ധം അന്വേഷിക്കാന്‍ തീരുമാനമുണ്ടായത്. വിദേശ നമ്പറിന്റെ ഉടമയ്ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഇയാളും കേസില്‍ പ്രതി ചേര്‍ക്കപ്പെടും.

സംഭവത്തിന് മുമ്പ് 10 വര്‍ഷത്തോളം ഡൊമിനിക് ജോലി ചെയ്തിരുന്നത് ദുബായിലായിരുന്നു. ഈ കാലയളവില്‍ ഡൊമിനിക് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇന്റര്‍ പോളിന്റെ സഹായത്തോടെ അന്വേഷണം നടത്തും. തുടര്‍ന്ന് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും.

നേരത്തെ ഇയാളുടെ വിദേശത്തുള്ള സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ദുരൂഹമായ ഒരു വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ല.

കളമശ്ശേരി സ്‌ഫോടന കേസിലെ ഏക പ്രതിയാണ് ഡൊമിനിക് മാര്‍ട്ടിന്‍. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ കുറ്റം ഏറ്റെടുത്ത് കീഴടങ്ങുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യു.എ.പി.എ വകുപ്പ് ചുമത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു.എ.പി.എ ഒഴിവാക്കുകയായിരുന്നു.

2023 ഒക്ടോബര്‍ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ സമ്മേളനം നടന്ന കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്.

Content Highlight: Kalamassery blast case; Further investigation by Interpol into the accused’s foreign relations