Film News
എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റായത് ആ ചിത്രങ്ങള്‍; ഒരു പരിചയവുമില്ലാതിരുന്ന സംവിധായകന്‍ തന്ന ഭാഗ്യം: കലാഭവന്‍ ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 05, 07:48 am
Tuesday, 5th March 2024, 1:18 pm

താന്‍ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയല്ലെന്ന് കലാഭവന്‍ ഷാജോണ്‍. ഓരോ സമയത്തും ദൈവം കാണിച്ചു തരുന്ന വഴികളിലൂടെ പോകുക മാത്രമാണ് ചെയ്യുന്നതെന്നും താരം പറയുന്നു.

ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തതായി ഏത് സിനിമ ചെയ്യാമെന്നൊക്കെയുള്ള ചിന്തകള്‍ തനിക്കില്ലെന്നും ചാന്‍സ് ലഭിക്കാന്‍ ആരെ വിളിക്കണമെന്ന് താന്‍ ചിന്തിക്കാറില്ലെന്നും ഷാജോണ്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ നടന്നതൊക്കെ പ്ലാന്‍ ചെയ്യാതെ നടന്നതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കലാഭവന്‍ ഷാജോണ്‍. അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫിനെ കുറിച്ചും താരം പറയുന്നു.

‘ഞാന്‍ എല്ലാം പ്ലാന്‍ ചെയ്ത് ചെയ്യുന്ന ഒരു വ്യക്തിയല്ല. നമുക്ക് ഓരോ സമയത്തും ദൈവം കാണിച്ചു തരുന്ന വഴികളിലൂടെ നമ്മള്‍ പോകുക മാത്രമാണ് ചെയ്യുന്നത്. ഈ നിമിഷം വരെ ഒന്നും പ്ലാന്‍ ചെയ്യാത്ത ആളാണ് ഞാന്‍.

നാളെ ഇങ്ങനെ ചെയ്യാം, ഈ സിനിമ കഴിഞ്ഞാല്‍ ആ സിനിമ ചെയ്യാമെന്നൊക്കയുള്ള ചിന്തകള്‍ എനിക്കില്ല. ആരെ വിളിച്ചാല്‍ സിനിമ കിട്ടുമെന്നോ ഒന്നും തന്നെ ഞാന്‍ ചിന്തിക്കാറില്ല. എന്റെ ജീവിതത്തില്‍ ഈ നാളുകള്‍ക്കിടയില്‍ നടന്നതൊക്കെ പ്ലാന്‍ ചെയ്യാതെ നടന്നതാണ്.

പ്ലാന്‍ ചെയ്തത് ആദ്യ കാലത്ത് നടന്നിട്ടുമില്ല. അതുകൊണ്ടാണ് ഞാന്‍ പിന്നെ പ്ലാന്‍ ചെയ്യാത്തത്. എന്റെ ജീവിതത്തില്‍ വലിയ ടേണിങ് പോയിന്റായത് മൈ ബോസും ദൃശ്യവുമൊക്കെയാണ്. ഈ സിനിമകള്‍ അതിന് മുമ്പ് ഒരു പരിചയവുമില്ലാതിരുന്ന ജീത്തു ജോസഫ് തന്ന ഭാഗ്യമാണ്.

ആ സമയത്ത് എനിക്ക് പരിചയമുള്ള ഒരുപാട് സംവിധായകരുണ്ട്. അവരാരും തരാത്ത രണ്ട് കഥാപാത്രങ്ങളാണ് അതുവരെ ഒരു പരിചയവും ഇല്ലാതിരുന്ന അദ്ദേഹം നല്‍കിയത്,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.


Content Highlight: Kalabhavan Shajon Talks About Jeethu Joseph