Entertainment
ഡാന്‍സ് കളിക്കില്ല, നടക്കാമെന്ന് സുരേഷ് ഗോപി സാര്‍; ഈ ഉയരത്തിന് ഡാന്‍സ് ചെയ്താല്‍ നന്നാവില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു: കലാ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 05:55 am
Saturday, 6th July 2024, 11:25 am

കൊറിയോഗ്രഫി മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് മാസ്റ്ററാണ് കലാ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറില്‍ അധികം സിനിമകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന മലയാള സിനിമയിലെ നൃത്തത്തിന് 2000ല്‍ മികച്ച കൊറിയോഗ്രഫിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കാന്‍ കലാ മാസ്റ്ററിന് സാധിച്ചു.

മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച് 1998ല്‍ പുറത്തിറങ്ങിയ പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലെ കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന് കൊറിയോഗ്രഫി ചെയ്തതും മാസ്റ്റര്‍ തന്നെയായിരുന്നു. അതില്‍ ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് കലാ മാസ്റ്റര്‍. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘എല്ലാവര്‍ക്കും എന്റെ കാര്യം അറിയാവുന്നതാണ്. ഞാനാണ് കൊറിയോഗ്രഫി ചെയ്യുന്നതെങ്കില്‍ ‘അയ്യോ കലാ മാസ്റ്ററാണോ? മാസ്റ്റര്‍ വളരെ സ്ട്രിക്റ്റ് ആണ്. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ്. എല്ലാത്തിലും പെര്‍ഫക്ഷന്‍ വേണ്ടയാളാണ്’ എന്നാണ് പലരും പറയാറുള്ളത്. എനിക്ക് എല്ലാം നന്നായി വരണമെന്നേയുള്ളൂ. ഡാന്‍സേഴ്‌സ് അല്ലാതെ ചുറ്റും ഒരുപാട് ടെക്‌നീഷ്യന്‍സും മറ്റുമുണ്ടാകും.

അപ്പോള്‍ കൊറിയോഗ്രഫിയില്‍ കോമ്പ്രമൈസ് ചെയ്യാന്‍ കഴിയില്ല. ഞാന്‍ വര്‍ക്ക് ചെയ്ത മലയാള സിനിമയിലെ പാട്ടുകള്‍ നോക്കിയാല്‍ ഒരു കാര്യം മനസിലാകും, അവയൊക്കെ പീക്ക് സോങ്ങുകളാണ്. 1996 മുതല്‍ 2004 വരെയുള്ളതൊക്കെ എല്ലാം സൂപ്പര്‍ ഹിറ്റായ പാട്ടുകളാണ്. അതുകൊണ്ട് വര്‍ക്ക് ചെയ്യുമ്പോള്‍ കോണ്‍ഫിഡന്റോടെ ചെയ്യണമെന്ന് ഉണ്ടായിരുന്നു.

മലയാളത്തില്‍ കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന് വേണ്ടി കൊറിയോഗ്രഫി ചെയ്തത് ഞാനാണ്. ആ സമയത്ത് ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി സാര്‍ പറഞ്ഞിരുന്നു. നടന്നാല്‍ മാത്രം മതിയെന്നാണ് സാര്‍ പറഞ്ഞത്. അങ്ങനെ പറ്റില്ലെന്നും ഡാന്‍സ് ചെയ്യണമെന്നും ഞാന്‍ നിര്‍ബന്ധം പറഞ്ഞു. ‘മാസ്റ്റര്‍, ഈ ഉയരത്തിന് ഡാന്‍സ് ചെയ്താല്‍ നന്നാവില്ല’ എന്ന് സാര്‍ പറഞ്ഞതോടെ അത് ഞാനാണ് പറയേണ്ടതെന്ന് മറുപടി കൊടുത്തു.

‘ശരി. മാസ്റ്ററിന്റെ ഇഷ്ടം അങ്ങനെയെങ്കില്‍ എനിക്ക് ഓക്കെയാണ്’ എന്ന് പറഞ്ഞ് അദ്ദേഹം സമ്മതിച്ചു. അവസാനം ഡാന്‍സൊന്നുമില്ല തല ഷേക്ക് ആയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയൊരു ഹെഡ് ഷേക്ക് മൂവ്‌മെന്റ് കൊടുത്തു. അത് സാറിനെ കൊണ്ട് റിഹേഴ്‌സല് ചെയ്യിപ്പിച്ചു. ആ മൂവ്‌മെന്റ് പിന്നീട് വളരെ ഫേയ്മസായി,’ കലാ മാസ്റ്റര്‍ പറഞ്ഞു.


Content Highlight: Kala Master Talks About Suresh Gopi