Advertisement
Entertainment news
വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്, അവര്‍ക്ക് കാഴ്ചപ്പാടുകളില്ല: കജോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 07, 07:56 am
Friday, 7th July 2023, 1:26 pm

ഇന്ത്യയില്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരാത്തതിന് കാരണം വിദ്യാഭ്യാസമില്ലാത്ത നേതാക്കളെന്ന് നടി കജോള്‍. കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടുമെന്നും ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞു.

‘ഇന്ത്യയെ പോലെ ഒരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. മാറ്റത്തില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിഭ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അത് വസ്തുതയാണ്.

അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കപ്പെടും,’ കജോള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

സ്ട്രീമിങ്ങിനൊരുങ്ങുന്ന കജോളിന്റെ ദ ട്രയല്‍ എന്ന സീരീസിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശങ്ങള്‍. സുപര്‍ണ്‍ വര്‍മ സംവിധാനം ചെയ്യുന്ന സീരീസ് ജൂലൈ 14 മുതലാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നത്.

ജൂലിയാന മര്‍ഗുലീസ് പ്രധാന വേഷത്തില്‍ അഭിനയിച്ച കോര്‍ട്ട് ഡ്രാമയുടെ ഇന്ത്യന്‍ പതിപ്പാണ് ദ ട്രയല്‍. ഭര്‍ത്താവ് ജയിലിലായതിനു ശേഷം അഭിഭാഷകയാകുന്ന വീട്ടമ്മയായിട്ടാണ് കജോള്‍ എത്തുന്നത്.

ലസ്റ്റ് സ്റ്റോറീസാണ് ഒടുവില്‍ പുറത്തുവന്ന കജോളിന്റെ ചിത്രം. നാല് ഭാഗങ്ങളടങ്ങുന്ന ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയില്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിലാണ് കജോള്‍ അഭിനയിച്ചത്. സുജോയ് ഘോഷ്, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിലെ മറ്റ് മൂന്ന് കഥകള്‍ സംവിധാനം ചെയ്തത്.

അമൃത സുഭാഷ്, അംഗദ് ബേദി, തമന്ന, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് ശര്‍മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: kajol talks about the political leadership in india