ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിയെന്ന ബി.ജെ.പി ആരോപണം വസ്തുതാപരമായി തെറ്റ്; കേരളത്തില്‍ മുസ്‌ലിങ്ങളുടെ ജനന നിരക്കാണ് വര്‍ധിക്കുന്നത്: കെ. സുരേന്ദ്രന്‍
Kerala News
ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിയെന്ന ബി.ജെ.പി ആരോപണം വസ്തുതാപരമായി തെറ്റ്; കേരളത്തില്‍ മുസ്‌ലിങ്ങളുടെ ജനന നിരക്കാണ് വര്‍ധിക്കുന്നത്: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd April 2023, 9:05 pm

തിരുവനന്തപുരം: ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നവരാണെന്ന ആരോപണം തെറ്റായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം പാര്‍ട്ടി നേരത്തെ നടത്തിയിരുന്നെന്നും പിന്നീട് വസ്തുതാ പരമായി അക്കാര്യങ്ങള്‍ തെറ്റാണെന്ന് മനസിലാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറഞ്ഞ് വരികയാണെന്നും മതപരിവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ അവര്‍ എണ്ണത്തില്‍ കൂടിയേനേ എന്നും ബി.ജെ.പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ക്രിസ്ത്യാനികളെപ്പോലെ തന്നെ ഹിന്ദുക്കള്‍ക്കിടിയിലും ജനന നിരക്ക് കുറഞ്ഞെന്നും അതിന് ബദലായി മുസ്‌ലിം ജനസംഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി ഫോര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശം.

‘ക്രിസ്ത്യാനികള്‍ക്കെതിരെ മതപരിവര്‍ത്തന ആരോപണം നേരത്തെ ഞങ്ങള്‍ ഉന്നയിച്ചിരുന്നു. അത് ശരിയാണ്. ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തിയിരുന്ന സാഹചര്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് വസ്തുത അതല്ല. കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞ് വരികയാണ്. എന്നിരിക്കെ വസ്തുത മനസിലാക്കാതെ എങ്ങനെ മതപരിവര്‍ത്തന ആരോപണം നടത്താനാകും.

കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സമൂഹം ഇന്നുവരെ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. കേരളത്തില്‍ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. പക്ഷെ മുസ്‌ലിം സമുദായത്തിന്റെ ജനന നിരക്ക് കൂടുകയും ചെയ്യുന്നു. ക്രൈസ്തവര്‍ മതം മാറ്റിയെങ്കില്‍ എണ്ണത്തില്‍ അത് കാണേണ്ടതല്ലെ.

ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ ഗൃഹസന്ദര്‍ശനവും പുരോഹിതന്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുരേന്ദന്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ സമൂഹത്തില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രമാണ് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ എല്ലാ കാലത്തും മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് നടക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു.

Content Highlight: k surendran talk about christians in kerala